ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ നടത്തുന്നത് വട്ടുള്ളവർ, അത് ഞങ്ങളുടെ തലയിൽ കെട്ടിവെക്കേണ്ട: രാജീവ് ചന്ദ്രശേഖർ

ഞങ്ങളാണെങ്കിൽ നിയമനടപടി സ്വീകരിക്കും, അല്ലാതെ ടിവി കാമറയ്ക്ക് മുന്നിൽ പോയി വിവാദമാക്കാനല്ല ശ്രമിക്കുകയെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതികരിച്ച് ബിജെപി കേരള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വട്ടുള്ള ചിലരാണ് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ നടത്തുന്നതെന്നും അതിന്റെ ഉത്തരവാദിത്തം ബിജെപിക്ക് ഇല്ലെന്നും അതെല്ലാം ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്ന രാഷ്ട്രീയം കളിക്കുന്നത് കോൺഗ്രസും സിപിഐഎമ്മുമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാജ്യത്ത് എല്ലാവർക്കും സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കാനും ആഘോഷിക്കാനും ഭരണഘടനാപരമായ അവകാശമുണ്ട്. ആരെങ്കിലും ഭരണഘടനയ്ക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്താൽ അത് വിവാദമാക്കുകയല്ല. നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഞങ്ങളാണെങ്കിൽ നിയമനടപടി സ്വീകരിക്കുകയേ ചെയ്യൂ. അല്ലാതെ ടിവി കാമറയ്ക്ക് മുന്നിൽ പോയി വിവാദമാക്കാനല്ല ശ്രമിക്കുക. അതിനെ വിവാദമാക്കി ജനങ്ങൾക്കിടയിൽ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയല്ല വേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പത്ത് കൊല്ലം സംസ്ഥാനം ഭരിച്ച ആൾ ക്രിസ്മസ് സമയത്താണ് സംഘ് എന്നെല്ലാം പറയുന്നത്. മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താസമ്മേളനം കേട്ടാൽ തന്നെ ചിരിവരും. വികസന നേട്ടങ്ങൾ പറയാൻ ഒന്നുംതന്നെ മുഖ്യമന്ത്രിക്ക്‌ ഇല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമാദിക്കൊപ്പം ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിക്കവെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം കാരണം വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. അതിനുള്ള ഒന്നും ഉണ്ടായിട്ടില്ല. ക്രിസ്മസ് ദിനത്തിൽ ഇത്തരം വിവാദത്തിലേക്ക് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:‌ Rajeev Chandrasekhar reacts to attacks on Christmas celebrations

To advertise here,contact us