'അയ്യപ്പന്റെ സ്വര്‍ണമല്ലേ കട്ടത്? ജോര്‍ജ് കുട്ടിയുടെ സ്വര്‍ണമെന്നെഴുതിയാല്‍ മതിയോ? CPIM എന്തിനാണ് ഭയക്കുന്നത്'

ഈ ഗാനത്തെ ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഇറക്കേണ്ടതെന്നും ലിജു പരിഹസിച്ചു

കൊച്ചി: 'പോറ്റിയെ കേറ്റിയെ'…പാരഡി ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിനെതിരെ കോണ്‍ഗ്രസ്. പാരഡികളും ആക്ഷേപ ഹാസ്യങ്ങളും ട്രോളുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജു പറഞ്ഞു. നിലവിലേത് അനാവശ്യ വിവാദമാണെന്നും സിപിഐഎം എന്തിനാണ് ഭയക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. 'ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാട്' ചര്‍ച്ചയിലായിരുന്നു പ്രതികരണം.

'വിവാദം അനാവശ്യം. ആക്ഷേപഹാസ്യം, ട്രോളുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. എത്രയോ പാരഡികള്‍ ഇറങ്ങിയിട്ടുണ്ട്. കെ കരുണാകരന്റെ വാഹനത്തിന്റെ വേഗതയെക്കുറിച്ച് പള്ളിക്കെട്ടിന്റെ അതേ ഈണത്തില്‍ പാരഡിയുണ്ട്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നില്ലെങ്കില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നില്ലെങ്കില്‍ അതെല്ലാം അംഗീകരിക്കാവുന്നതാണ്. സിപിഐഎം എന്തിനാണ് ഭയക്കുന്നത്', ലിജു ചോദിച്ചു.

ഈ ഗാനത്തെ ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഇറക്കേണ്ടതെന്നും ലിജു പരിഹസിച്ചു. ഇവിടെ അയ്യപ്പന്റെ സ്വര്‍ണമല്ലേ കട്ടത്? ജോര്‍ജ് കുട്ടിയുടെ സ്വര്‍ണം കട്ടു എന്നെഴുതിയാല്‍ മതിയോയെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം.

'ശബരിമലയിലെ സ്വര്‍ണം കട്ടിട്ടില്ലേ? അയ്യന്റെ സ്വര്‍ണമല്ലേ? ആരാ കട്ടത്? സഖാക്കളല്ലേ… ലിജു ചോദിച്ചു. പത്മകുമാറും വാസുവും സിപിഐഎം നേതാക്കളല്ലേ. പാരഡിയില്‍ വസ്തുതാ വിരുദ്ധമായി ഒന്നുമില്ല. സ്വര്‍ണം കട്ടവരെ സസ്‌പെന്‍ഡ് ചെയ്യുകയെങ്കിലും വേണം', ലിജു പറഞ്ഞു.

സ്വര്‍ണം കട്ടവരെക്കുറിച്ച് പാരഡി പാടില്ലയെന്നാണോയെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചോദിച്ചിരുന്നു. 'കെ കരുണാകരന്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിനെ കളിയാക്കി സിപിഐഎം ഇതേ അയ്യപ്പഭക്തിഗാനത്തിന്റെ പാരഡി ഇറക്കിയിട്ടുണ്ട്. സിപിഐഎമ്മിന്റെ ചാനലില്‍ അറിയപ്പെടുന്ന രണ്ട് പേരെക്കൊണ്ട് പാടിപ്പിച്ചിട്ടുമുണ്ട്. അങ്ങനെ പാരഡിയുണ്ടാക്കാം. എന്നാല്‍ സ്വര്‍ണം കട്ടവരെക്കുറിച്ച് പാരഡി പാടില്ല എന്നാണോ?' എന്നായിരുന്നു വി ഡി സതീശന്‍ ചോദിച്ചത്. പാരഡി അയപ്പഭക്തരെ അവഹേളിക്കുന്നതാണെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്.

Content Highlights: sabarimala parady song congress M Liju Mocks CPIM

To advertise here,contact us