'എതിർപ്പുകൾ അവഗണിച്ച് തൊഴിലുറപ്പ് നിയമഭേദഗതി ബിൽ ലോക്‌സഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത'

സംഘപരിവാര്‍ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് തൊഴിലുറപ്പ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍പ്പുകളെ അവഗണിച്ച് ബില്‍ പാസാക്കിയത് ജനവിരുദ്ധതയാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഘപരിവാര്‍ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കേന്ദ്രസർക്കാർ നടപടിയെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്.

'പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നത് ഗാന്ധിജിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ്. സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന് യൂണിയന്‍ ഗവണ്‍മെന്റ് ഒളിച്ചോടി സംസ്ഥാനങ്ങള്‍ക്കുമേല്‍ വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നതുമാണ് ഈ ബില്‍.' മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്‍റെ പൂർണരൂപം:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

സംഘപരിവാർ നിയന്ത്രിക്കുന്ന യൂണിയൻ സർക്കാർ ഇതിലൂടെ രാജ്യത്തെ കർഷക-കർഷകത്തൊഴിലാളി ജനസാമാന്യത്തെ വെല്ലുവിളിക്കുകയാണ്. പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നത് ഗാന്ധിജിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ്. സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് യൂണിയൻ ഗവൺമെന്റ് ഒളിച്ചോടി സംസ്ഥാനങ്ങള്‍ക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതുമാണ് ഈ ബിൽ.

തിരക്കേറിയ കാർഷിക സീസണിൽ 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാമെന്ന വിപൽകരമായ വ്യവസ്ഥ കൂടി ഇതിൽ ഉൾപ്പെടുന്നു. ബിൽ ജെപിസിയുടെയോ സെലക്റ്റ് കമ്മിറ്റിയുടെയോ പരിഗണനയ്ക്കു വിടണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം പോലും അംഗീകരിച്ചില്ല. എൻഡിഎ ഘടകകക്ഷികൾ തന്നെ ആശങ്കയുയർത്തിയിട്ടും വീണ്ടുവിചാരത്തിന് തയാറായില്ല. അധികാരത്തിലെത്തിയ കാലം മുതൽ തൊഴിലുറപ്പ് പദ്ധതിക്കായുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി പദ്ധതിയെ നിർവീര്യമാക്കാൻ ശ്രമിച്ച എൻഡിഎ സർക്കാർ ഇപ്പോൾ പദ്ധതിയെത്തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. തൊഴിൽ നൽകുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞു മാറുന്ന സമീപനമാണ് യൂണിയൻ സർക്കാർ സ്വീകരിക്കുന്നത്.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ സമ്മർദം ഒന്നുകൊണ്ടുമാത്രമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യാഥാർത്ഥ്യമായത്. അന്ന് കോൺഗ്രസ്സ് മനസ്സില്ലാമനസ്സോടെയാണ് പദ്ധതി കൊണ്ടുവരാൻ തയ്യാറായത്. ആ താല്പര്യക്കുറവ് അവർ ഉപേക്ഷിക്കണം. യൂണിയൻ സർക്കാരിന്റെ തെറ്റായ നീക്കത്തിനെതിരെ ശക്തമായ ജനാഭിപ്രായം രൂപപ്പെടണം.

Content Highlight; Pinarayi Vijayan Reacts as Lok Sabha Passes Employment Guarantee Bill

To advertise here,contact us