മസാല ബോണ്ടിൽ ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി

കിഫ്ബിയുടെ സിഇഒയ്ക്കും മുഖ്യമന്ത്രിക്കും ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: മസാല ബോണ്ടില്‍ ഇഡിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഡി നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. കിഫ്ബിയുടെ ഹര്‍ജിയില്‍ നേരത്തെ നോട്ടീസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കിഫ്ബിയുടെ സിഇഒയ്ക്കും മുഖ്യമന്ത്രിക്കും ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി സംഗിള്‍ ബെഞ്ചിന് നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും.

അതേസമയം, മസാല ബോണ്ട് കേസില്‍ 'ഫെമ' ലംഘനം കണ്ടെത്തിയ ഇഡി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. നാല് മാസത്തേക്കാണ് സ്‌റ്റേ. റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത് എന്നായിരുന്നു കിഫ്ബിയുടെ വാദം. പിന്നാലെ വിശദമായ മറുപടി ആവശ്യപ്പെട്ട് ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. മറുപടി ലഭിച്ച ശേഷമാകും കേസില്‍ തുടര്‍വാദം നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി സിഇഒ ഡോ. കെ എം അബ്രഹാമിനും എതിരെ നവംബര്‍ 28നാണ് ഇ ഡി നോട്ടീസ് നല്‍കിയത്. 2019ല്‍ മസാല ബോണ്ട് വഴി സമാഹരിച്ച തുകയില്‍നിന്ന് 466.92 കോടി രൂപ ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതായി കണ്ടെത്തിയെന്നും ഇത് ഫെമ നിയമ ലംഘനമായതിനാല്‍, നോട്ടീസ് കിട്ടി ഒരുമാസത്തിനകം വിശദീകരണം നല്‍കണമെന്നുമായിരുന്നു നോട്ടീസ്.

Content Highlight; ED's show cause notice in Masala bond case should be cancelled; CM approaches High Court

To advertise here,contact us