മലപ്പുറത്ത് മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സിപിഒ വി രജീഷ് ഓടിച്ച വാഹനം മൂന്ന് വാഹനങ്ങളിലാണ് ഇടിച്ചത്

മലപ്പുറം: പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ച് അപകടം. മലപ്പുറം പാണ്ടിക്കാടാണ് സംഭവം. പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സിപിഒ വി രജീഷ് ഓടിച്ച വാഹനം മൂന്ന് വാഹനങ്ങളിലാണ് ഇടിച്ചത്. ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നത്. രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഒലിപ്പുഴയില്‍വെച്ച് രജീഷ് ഓടിച്ച വാഹനം ഒരു ഇരുചക്ര വാഹനത്തില്‍ ഇടിച്ചിരുന്നു.

നിര്‍ത്താതെ പോയ രജീഷ് കിഴക്കേപാണ്ടിക്കാട് ഭാഗത്തുവെച്ച് ഒരു ഇരുചക്രവാഹനത്തിലും കാറിലും ഇടിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും മറ്റൊരാളെ പെരിന്തല്‍മണ്ണയിലേക്കും കൊണ്ടുപോയിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒന്നര മണിക്കൂറോളം ഈ റോഡില്‍ ഗതാഗതം സ്തംഭിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിലിലെടുക്കുകയായിരുന്നു. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി.

Content Highlights: Drunk policeman crashed into vehicles in Malappuram, Two injured

To advertise here,contact us