കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കുള്‍പ്പെടെ ഊമക്കത്ത് അയച്ചത് എറണാകുളത്തുനിന്ന്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. എറണാകുളത്തെ ഒരു പോസ്റ്റ് ഓഫീസില്‍ നിന്നാണ് കത്തുകള്‍ രജിസ്ട്രേഡായി അയച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കറുത്ത മാസ്ക് ധരിച്ച പുരുഷനാണ് കത്തുകള്‍ പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായി. 33 കത്തുകള്‍ ഒരുമിച്ച് കൊണ്ടുവന്ന് രജിസ്ട്രേറ്റായി അയയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മടങ്ങുകയായിരുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. വിഷയത്തില്‍ ഹൈക്കോടതിയും പരിശോധന നടത്തിയേക്കും.
നടിയെ ആക്രമിച്ച കേസിലെ വിധി വരുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൈക്കോടതി ജഡ്ജി അടക്കമുള്ളവര്‍ക്ക് കത്ത് ലഭിച്ചത്. മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷയ്ക്കും കത്ത് ലഭിച്ചിരുന്നു. അഭിഭാഷകനായ രാം കുമാറിൻ്റെ പേരിലായിരുന്നു ഫ്രം അഡ്രസ്. കേസിലെ വിധി വിവരങ്ങള്‍ സൂചിപ്പിക്കുന്നതായിരുന്നു കത്ത്. നടന് ദിലീപ് അടക്കം നാല് പ്രതികള്‍ കുറ്റവിമുക്തരാകുമെന്നുള്ള വിവരം ഊമക്കത്തില്‍ ഉണ്ടായിരുന്നു. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുഹൃത്തായ ഷേര്‍ളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ദിലീപിന്റെ സുഹൃത്തായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചെന്നും ഊമക്കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഹണി വര്‍ഗീസിനെ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷാതാഖ്, ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, എറണാകുളം ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് രാജ വിജയരാഘവന് എന്നിവരുടെ അനുഗ്രഹം എല്ലാ കാര്യത്തിലുമുണ്ട്. ആയതുകൊണ്ടാണ് ഇത്തരത്തില്‍ നീതിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഹണി വര്‍ഗീസിനെ പ്രേരിപ്പിക്കുന്നത്. ഈ കാര്യം സമൂഹ മനഃസാക്ഷിയുടെ മുമ്പില്‍കൊണ്ടുവരുന്നതിനുവേണ്ടിയാണ് ഈ കത്ത് അയക്കുന്നതെന്നും കത്തില്‍ പറഞ്ഞിരുന്നു. ഒരു ഇന്ത്യൻ പൗരൻ എന്ന് കാണിച്ചാണ് കത്ത് അവസാനിപ്പിച്ചിരുന്നത്.
ഊമക്കത്ത് ലഭിച്ച വിവരം ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായിയാണ് ആദ്യം രംഗത്തെത്തിയത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഊമക്കത്തിന്റെ പകര്‍പ്പ് അടക്കം ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു കത്ത്. കേസിന്റെ വിധി ചോര്‍ന്നുവെന്നുള്ള ആശങ്ക യശ്വന്ത് ഷേണായി പങ്കുവെച്ചിരുന്നു. എന്നാല്‍ യശ്വന്തിനെ തള്ളുന്ന നിലപാടായിരുന്നു അഭിഭാഷക അസോസിയേഷന് സ്വീകരിച്ചത്. പ്രസിഡന്റ് കത്തച്ചത് തങ്ങളുടെ കത്ത് എക്സിക്യൂട്ടീട്ട് കമ്മിറ്റിയുടെ അറിവോടെയല്ലെന്നായിരുന്നു അസോസിയേഷന് വ്യക്തമാക്കിയത്. ജഡ്ജിമാര്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും അഭിഭാഷക അസോസിയേഷന് പറഞ്ഞിരുന്നു.
Content Highlights- The letter with content verdict on actress attack case posted from ernakulam