മലപ്പുറം: വളാഞ്ചേരി തോണിക്കല് ഡിവിഷന് സ്ഥാനാര്ത്ഥിക്ക് വേണ്ടി കെ ടി ജലീല് എംഎല്എ നടത്തിയ വോട്ടഭ്യര്ത്ഥന വിവാദത്തില്. എല്ഡിഎഫ് സ്ഥാനാര്ത്ഥി ഇഹലോകത്തും പരലോകത്തും ഗുണമുള്ളയാളാണെന്ന് കെ ടി ജലീല് പറഞ്ഞു. സ്ഥാനാര്ത്ഥിക്ക് വോട്ട് ചെയ്യണമെന്നും ജലീല് അഭ്യര്ത്ഥിച്ചു.
വളാഞ്ചേരി മുന്സിപ്പാലിറ്റി ഒന്നാം ഡിവിഷനിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥി ഫൈസല് തങ്ങള്ക്ക് വേണ്ടിയാണ് കെ ടി ജലീല് വോട്ട് അഭ്യര്ത്ഥിച്ചത്. 'ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാളാണ് ഫൈസല്ക്ക. അങ്ങനൊരാളെ തന്നെ ഈ വാര്ഡില് നമ്മള് നിര്ത്തിയത് എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്', എന്നായിരുന്നു ജലീലിന്റെ പരാമര്ശം.
നാളെയാണ് വടക്കന് ജില്ലകളില് വോട്ടെടുപ്പ് നടക്കുന്നത്. ഇന്നലെ തെക്കന് ജില്ലകളില് നടന്ന ആദ്യ ഘട്ടത്തില് പോളിംഗ് ശതമാനത്തില് നേരിയ കുറവ് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. ഏഴ് ജില്ലകളിലായി നടന്ന വോട്ടെടുപ്പില് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല് ഈ കണക്ക് അന്തിമമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയത്. കഴിഞ്ഞ തവണ ഏഴ് ജില്ലകളില് രേഖപ്പെടുത്തിയത് 73.79 ശതമാനം പോളിംഗായിരുന്നു.
Content Highlights:Local Body Election 2025 K T Jaleel speech to vote LDF candidate become controversy