കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവാളികള് ശിക്ഷിക്കപ്പെട്ടുവെന്നാണ് വിശ്വാസമെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കര്. കോടതി വിധി വായിച്ചിട്ടില്ലെന്നും ദിലീപ് കുറ്റവാളിയല്ല എന്നാണ് കോടതി പറഞ്ഞതെന്നും രഞ്ജി പണിക്കർ പറഞ്ഞു. 'വിധി എതിരായാല് ഒരു ഭാഗത്തുള്ളവര്ക്ക് ആക്ഷേപമുണ്ടാകുന്നത് സ്വാഭാവികമാണ്. തനിക്കെതിരെ ഗൂഡാലോചനയുണ്ട് എന്ന് ദിലീപ് പറയുന്നത് നിങ്ങളും കേട്ടതാണല്ലോ. കുറ്റവാളി അല്ലാതിരുന്നിട്ടും താൻ ശിക്ഷിക്കപ്പെട്ടു എന്ന തോന്നല് ദിലീപിനുണ്ടായാല് എന്താണ് തെറ്റ്. രാജ്യത്ത് പൊലീസുകാര് കള്ള തെളിവുകള് ഉണ്ടാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടല്ലോ.' രഞ്ജി പണിക്കര് വ്യക്തമാക്കി.
'മാധ്യമങ്ങള്ക്ക് അജണ്ട ഇല്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ. മാധ്യമങ്ങള്ക്കും കൃത്യമായ അജണ്ടയുണ്ട്. മാധ്യമങ്ങള് കെട്ടിപ്പൊക്കുന്ന കാര്യങ്ങള് സാധൂകരിക്കാന് അവര് എന്തും ചെയ്യും. സംഭവത്തില് ഗൂഢാലോചന തെളിയിക്കാന് പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. കുറ്റവാളികളെയാണ് ശിക്ഷിച്ചത്. കുറ്റം ചെയ്യാത്തവരെ തിരിച്ചെടുക്കാന് സംഘടനകള്ക്ക് അവകാശമുണ്ട്. കോടതി കണ്ടെത്തുന്ന സത്യമാണ് സത്യം. വിധിക്കെതിരെ അപ്പീല് പോകാന് സര്ക്കാരിന് അവകാശമുണ്ട്. രഞ്ജി പണിക്കർ കൂട്ടിച്ചേർത്തു.
അതേസമയം നടിയ ആക്രമിച്ച കേസില് വിചാരണ കോടതി വെറുതെ വിട്ടതിന് പിന്നാലെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എട്ടാം പ്രതിയായിരുന്ന ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ദിലീപ് പറഞ്ഞു. ദേശീയ മാധ്യമമായ ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പ്രതികരണം.
പ്രത്യേക അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉള്പ്പെടെ തെറ്റിദ്ധരിപ്പിച്ചെന്ന നിലപാടിലാണ് ദിലീപ്. തെറ്റായ കേസില് ഗൂഢാലോചന നടത്തി തന്റെ ജീവിതവും കരിയറും നശിപ്പിച്ചവര്ക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്ന് ദിലീപ് പറഞ്ഞു. 'ഉദ്യോഗസ്ഥര് അവരുടെ നേട്ടത്തിനായി എന്നെ ബലിയാടാക്കി. വിധി പകര്പ്പ് ലഭിച്ചശേഷം തുടര്നടപടികള് സ്വീകരിക്കും', ദിലീപ് കൂട്ടിച്ചേര്ത്തു. അമ്മ സംഘടനയില് അംഗത്വമെടുക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ദിലീപ് പറഞ്ഞു. സംഘടന തീരുമാനിക്കട്ടെയെന്നും ദിലീപ് പറഞ്ഞു.
കേസില് ഗൂഢാലോചനാക്കുറ്റം തെളിയിക്കാന് പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ജഡ്ജി ഹണി എം വര്ഗീസാണ് കേസില് വിധി പറഞ്ഞത്. ആറ് പ്രതികള് കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്സര് സുനി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര് എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.
ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രൊസിക്യൂഷന് ഹൈക്കോടതിയില് അപ്പീല് നല്കും. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. പ്രൊസിക്യൂഷന് തെളിവുകള് നല്കുന്നതില് പരാജയപ്പെട്ടുവെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല് ഇതൊരു അന്തിമവിധിയല്ല. വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രൊസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കും.
Content Highlight; 'What's wrong with Dileep feeling like he was punished even though he wasn't guilty'; Renji Panicker