'അവർ ഊളകളാണ്'; കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടണമെന്ന് ആവർത്തിച്ച് സുരേഷ് ഗോപി

പാലക്കാട് നിന്നും കാറുമായി വരുന്ന ആരെങ്കിലും കാർ ആലുവയില്‍ നിർത്തി മെട്രോയില്‍ കയറി കൊച്ചി നഗരത്തിലേക്ക് വരുമോയെന്നും അദ്ദേഹം ചോദിക്കുന്നു

തൃപ്പൂണിത്തുറ: കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടണമെന്ന ആവശ്യം ആവർത്തിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പാലക്കാട് നിന്നും കാറുമായി വരുന്ന ആരെങ്കിലും കാർ ആലുവയില്‍ നിർത്തി മെട്രോയില്‍ കയറി കൊച്ചി നഗരത്തിലേക്ക് വരുമോ? ഒരാളും അങ്ങനെ ചെയ്യില്ല. ഒരു വാണിജ്യ കോറിഡോർ എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ കോയമ്പത്തൂർ വരെ മെട്രോ നീളണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ഇക്കാര്യം പറഞ്ഞപ്പോള്‍ കൊച്ചി മെട്രോ കൊച്ചിക്കാർക്ക് വേണ്ടി മാത്രമുള്ളതെന്ന് പറഞ്ഞായിരുന്നു എന്നെ അവഹേളിച്ചത്. അവരെ എനിക്ക് ഊളകള്‍ എന്ന് മാത്രമേ വിളിക്കാന്‍ സാധിക്കൂ. ക്ഷമിക്കണം, മന്ത്രിക്ക് പ്രത്യേക നിഘണ്ഡുവൊന്നും ഉണ്ടാക്കി വെച്ചിട്ടില്ല. വികാരങ്ങള്‍ അതുപോലെ തന്നെ പ്രകടിപ്പിക്കണം. ഡല്‍ഹി മെട്രോ പോകുന്നത് മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ്. യുപിയിലെ നോയിഡ മുതല്‍ ഹരിയാന വരെ നീണ്ടു കിടക്കുന്നു. ഇതൊക്കെ സാധ്യമാണ്.

2036 ല്‍ ഭാരതത്തില്‍ ഒളിമ്പിക്സ് എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ 36 ല്‍ അല്ലെങ്കില്‍ 40 ല്‍ അത് സാധ്യമായിരിക്കും. രാജ്യത്ത് ഒളിമ്പിക്സ് വരുമ്പോള്‍ അതിന് അനുസൃതമായ വികസനം എല്ലായിടത്തും ഉണ്ടാകും. കായിക അടിസ്ഥാന വികസന രംഗത്ത് യുപിയിലൊക്കെ ഉണ്ടായ വികസനം എന്താണെന്ന് പരിശോധിക്കണം. ചുമ്മാ ഇവിടെ ഇരുന്ന് ഊപ്പി... ഊപ്പി എന്ന് പറഞ്ഞാല്‍ പോര. ഇന്നത്തെ യുപി എന്താണെന്ന് നിങ്ങള്‍ പോയി കണ്ട് മനസ്സിലാക്കണം. യുപി, യുപി ആണെന്നും ഗുജറാത്ത്, ഗുജറാത്ത് ആണെന്നും ഒളിമ്പിക്സ് വരുമ്പോള്‍ തെളിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരു ഇംഗ്ലീഷ് പത്രത്തില്‍ ശശി തരൂരിന്‍റെ ലേഖനം വന്നിട്ടുണ്ട്. ഒരു എംപി എന്ന നിലയില്‍ നിന്നും ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ നിന്നും മാറി ഒരു സമ്മതിദായകന്‍ എന്ന നിലയിലുള്ള അഭിപ്രായങ്ങളാണ് അദ്ദേഹം അതില്‍ പങ്കുവെച്ചിരിക്കുന്നത്. ആ ലേഖനത്തിന്‍റെ മലയാളം കോപ്പി എടുത്ത് പ്രത്യേകിച്ച് തൃപ്പൂണിത്തുറയില്‍ കൊടുക്കണമെന്ന് ഞാന്‍ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭ തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് നാല് സീറ്റുകള്‍ ബിജെപി പിടിക്കുമെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെന്ന് മറ്റ് രാഷ്ട്രീയ പാർട്ടികള്‍ക്ക് ഇനി തലയുർത്തി പറയാന്‍ സാധിക്കില്ല. കഴിഞ്ഞ തവണ നഷ്ടമായ നേമം സീറ്റ് ഇത്തവണ ബിജെപി തിരികെ പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊല്ലം കോർപ്പറേഷന്‍ എന്‍ഡിഎ സ്ഥാനാർത്ഥി സംഗമവും വികസന രേഖ പ്രകാശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി.

'തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപി ഭരണം ഉറപ്പിക്കുന്ന അന്ന് മുതല്‍ വലിയ മാറ്റം കാണാന്‍ സാധിക്കും. അധികാരത്തില്‍ വന്ന് ആറുമാസം കൊണ്ട് ബിജെപി അത് തെളിയിക്കുകയും ചെയ്യും. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏഴോ എട്ടോ സീറ്റുണ്ടെങ്കില്‍ അതില്‍ നാല് സീറ്റ് ബിജെപി പിടിക്കും'- സുരേഷ് ഗോപി പറഞ്ഞു.

Content Highlight: Suresh Gopi Says The Kochi Metro Should Be Extended To Coimbatore

To advertise here,contact us