പാലക്കാട്: മണ്ണാര്ക്കാട് മേഖലയില് പിടിമുറക്കാന് പി കെ ശശി വിഭാഗം. പി കെ ശശി അനുകൂല വിഭാഗത്തിന്റെ ജനകീയ മതേതര മുന്നണി ഇന്ന് നാമനിര്ദ്ദേശ പത്രിക നല്കും. മണ്ണാര്ക്കാട് നഗരസഭയില് പത്ത് സീറ്റുകളിലാണ് ശശി വിഭാഗം മത്സരിക്കുന്നത്. മുന് ബ്രാഞ്ച് സെക്രട്ടറി മുതല് ലോക്കല് കമ്മിറ്റി അംഗം വരെയുള്ളവരാണ് നഗരസഭയില് മത്സര രംഗത്തുള്ളത്.
എസ്എഫ്ഐ മുന് ഏരിയ സെക്രട്ടറി എ കെ ഷാനിഫാണ് മണ്ണാര്ക്കാട് ബ്ലോക്ക് പഞ്ചായത്തില് ഒരു സീറ്റില് മത്സരിക്കുന്നത്. മുന് ലോക്കല് സെക്രട്ടറി യുഡിഎഫ് പിന്തുണയോടെ കാഞ്ഞിരപ്പുഴ പഞ്ചായത്തില് മത്സരിക്കും. കഴിഞ്ഞ തവണ സിപിഐഎം ചിഹ്നത്തില് മത്സരിച്ചയാളെ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില് ഇത്തവണ പിന്തുണക്കുന്നത് യുഡിഎഫാണ്.
കാരാകുറുശ്ശി പഞ്ചായത്തില് മുന് ലോക്കല് സെക്രട്ടറി മത്സരിക്കും. കാരാകുറുശ്ശിയില് നിലവിലെ ബ്രാഞ്ച് സെക്രട്ടറി ഉള്പ്പെടെ നാല് പേര് കൂടി ഇന്ന് നാമനിര്ദേശ പത്രിക നല്കുമെന്നാണ് സൂചന. അഞ്ച് പേരാണ് കോട്ടോപ്പാടം പഞ്ചായത്തില് യുഡിഎഫ് പിന്തുണയില് മത്സരിക്കുന്നത്. അതേസമയം മണ്ണാര്ക്കാടും പരിസരത്തും പി കെ ശശിയെ സ്നേഹിക്കുന്നവരാണ് മത്സരിക്കുന്നതെന്ന് എ കെ ഷാനിഫ് പറഞ്ഞു.
'ശശിയെ മാറ്റി നിര്ത്തിയതിലെ അമര്ഷവും സങ്കടവും ഈ തെരഞ്ഞെടുപ്പില് പ്രതിഫലിക്കും. സിപിഐഎമ്മിനെ പരാജയപ്പെടുത്തുകയാണ് ജനകീയ മതേതര മുന്നണിയുടെ ലക്ഷ്യം. ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യ നിലപാടിനെതിരെയാണ് സ്ഥാനാര്ത്ഥിത്വം. പാര്ട്ടിയെ പാര്ട്ടിയായി നിലനിര്ത്താന് വേണ്ടിയാണ് മത്സരിക്കുന്നത്', ഷാനിഫ് പറഞ്ഞു. സ്പിരിറ്റ് കള്ള് മാഫിയക്ക് പിന്നാലെ പോകുന്ന നേതൃത്വമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചില കേന്ദ്രങ്ങളില് യുഡിഎഫുമായി സഹകരിക്കുന്നുണ്ടെന്നും ആരുമായും രഹസ്യ ധാരണയുണ്ടാക്കിയിട്ടില്ലെന്നും ഷാനിഫ് പറഞ്ഞു.
Content Highlights: P K Shashi supporters contest in Palakkad to defeat CPIM