കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് കണ്‍വീനറും പിന്മാറി

സെര്‍ച്ച് കമ്മിറ്റിയില്‍ ഇനി ശേഷിക്കുന്നത് യുജിസി പ്രതിനിധി മാത്രം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണര്‍ നിയമിച്ച സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് കണ്‍വീനറും പിന്മാറി. ചാന്‍സലറുടെ പ്രതിനിധിയായ ഡോ. ഇലുവാതിങ്കല്‍ ഡി ജമ്മീസ് ആണ് പിന്മാറിയത്. ബെംഗളൂരു ഐഐടിയിലെ പ്രൊഫസറാണ് ഇലുവാതിങ്കല്‍ ഡി ജമ്മീസ്. നേരത്തെ സര്‍വകലാശാല പ്രതിനിധി എ സാബുവും പിന്മാറിയിരുന്നു. സെര്‍ച്ച് കമ്മിറ്റിയില്‍ ഇനി ശേഷിക്കുന്നത് യുജിസി പ്രതിനിധി മാത്രമാണ്.

സര്‍വകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസര്‍ എ സാബു ഈ മാസം ആദ്യമാണ് സെർച്ച് കമ്മിറ്റിയിൽ നിന്ന് പിന്മാറിയത്. പിന്മാറിയെന്ന് വ്യക്തമാക്കിക്കൊണ്ട് എ സാബു ഗവര്‍ണര്‍ക്ക് ഇ-മെയില്‍ സന്ദേശവും അയച്ചിരുന്നു. സെനറ്റ് പ്രത്യേക യോഗത്തിലായിരുന്നു എ സാബുവിനെ തെരഞ്ഞെടുത്തത്. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചപ്പോഴാണ് സമിതിയില്‍ ഉള്‍പ്പെട്ട വിവരം അറിയുന്നതെന്നാണ് എ സാബു പറഞ്ഞത്.

സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ മൂന്ന് തവണയായിരുന്നു യോഗം ചേര്‍ന്നത്. ഓഗസ്റ്റ് 23ന് ചേര്‍ന്ന ആദ്യ യോഗത്തില്‍ ഡോ. ധര്‍മരാജ് അടാട്ടായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ അദ്ദേഹം തൊട്ടടുത്ത ദിവസം തന്നെ പിന്മാറിയിരുന്നു. ഇതിന് ശേഷം സെപ്റ്റംബര്‍ പതിനൊന്നിന് വീണ്ടും യോഗം ചേര്‍ന്നു. എന്നാല്‍ തീരുമാനമാകാതെ സെനറ്റ് യോഗം ബഹളത്തില്‍ പിരിഞ്ഞു. പിന്നീട് ഗവര്‍ണറുടെ പ്രത്യേക നിര്‍ദേശ പ്രകാരം ചേര്‍ന്ന യോഗത്തിലാണ് എ സാബു തെരഞ്ഞെടുക്കപ്പെട്ടത്.

Content Highlights: Calicut University VC appointment: Search committee convener also withdraws

To advertise here,contact us