കോട്ടയം: അവയവ മാറ്റ ശസ്ത്രക്രിയയില് രാജ്യത്തിന് മാതൃകയായി കോട്ടയം ഗവ. മെഡിക്കല് കോളേജ്. ഇന്ത്യയില് ആദ്യമായി സര്ക്കാര് മേഖലയില് ഒറ്റ ദിവസം മൂന്ന് പ്രധാന അവയവങ്ങള് മാറ്റിവച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് മെഡിക്കല് കോളേജ്. ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയാണ് മാറ്റിവെച്ചത്. എയിംസിന് ശേഷം സര്ക്കാര് മേഖലയില് ആദ്യമായി ശ്വാസകോശം മാറ്റിവച്ചുവെന്ന നേട്ടവും കോട്ടയം മെഡിക്കല് കോളേജ് കൈവരിച്ചു.
ഇതോടെ കോട്ടയം മെഡിക്കല് കോളേജില് നടന്നത് 11ാമത്തെ ഹൃദയം മാറ്റിവെക്കല് ശസ്ത്രക്രിയയാണ്. മസ്തിഷ്ക മരണം സംഭവിച്ച എ ആര് അനീഷിന്റെ അവയവങ്ങളായിരുന്നു ദാനം ചെയ്തത്. പൂജപ്പുര സെന്ട്രല് ജയിലില് അസിസ്റ്റന്റ് പ്രിസണ് ഓഫീസറായ അനീഷിന്റെ ഒമ്പത് അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
50 അംഗ ടീമാണ് മൂന്ന് മേജര് ശസ്ത്രക്രിയകള്ക്ക് നേതൃത്വം നല്കിയത്. ഇന്നലെ രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ അവസാനിച്ചത് ഇന്ന് പുലര്ച്ചെ രണ്ടുമണിക്കായിരുന്നു. ശസ്ത്രക്രിയകള്ക്ക് നേതൃത്വം നല്കിയവരെ അഭിനന്ദിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ് രംഗത്തെത്തി. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന് സന്നദ്ധരായ അനീഷിന്റെ ബന്ധുക്കളുടെ ദുഃഖത്തില് പങ്കുചേരുന്നതായും മന്ത്രി ഫേസ്ബുക്കില് കുറിച്ചു.
Content Highlights: Kottayam Medical college make history on organ transplantation