സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോ​ഗം സ്ഥിരീകരിച്ചത് ചാവക്കാട് സ്വദേശിക്ക്

ആകെ 12 പേരാണ് കോഴിക്കോട് ചികിത്സയിലുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ചാവക്കാട് സ്വദേശിയായ 59 വയസ്സുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആകെ 12 പേരാണ് കോഴിക്കോട് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിനേഴുപേരാണ് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണമാണ് സ്ഥിരീകരിച്ചത്. 66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കെട്ടിക്കിടക്കുന്ന വെളളത്തില്‍ മുങ്ങിക്കുളിക്കുന്നവരില്‍ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌കജ്വരം. അക്കാത്ത അമീബ, സാപ്പിനിയ, ബാലമുത്തി വെര്‍മമീബ, നെഗ്ലേറിയ ഫൗലേറി എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്.

മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുളള സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും ജ്വരമുണ്ടാവുകയും ചെയ്യുന്നു. 90 ശതമാനത്തിലധികം മരണനിരക്കുളള രോഗമാണിത്.

Content Highlight : amoebic meningoencephalitis strikes again in the state; Chavakkad native tests positive for the disease

To advertise here,contact us