തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്ക് കുരുക്ക് മുറുക്കി യുവതിയുമായുള്ള വാട്സ്ആപ്പ്, ടെലഗ്രാം ചാറ്റ് പുറത്ത്. യുവതിയെ ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുന്ന രാഹുല് ഡോക്ടറെ കാണേണ്ടതില്ലെന്നും മരുന്ന് കഴിച്ചാല് മതിയെന്നുമാണ് പറയുന്നത്. ഗര്ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാമോയെന്നും ഒരിക്കലും ഡോക്ടറെ കാണാതെ അത്തരത്തില് മരുന്നുകള് കഴിക്കരുതെന്നും യുവതി പറയുമ്പോള് ഡോക്ടര് ഉണ്ടായാല് മതിയെന്നായിരുന്നു രാഹുല് മാങ്കൂട്ടത്തില് പറയുന്നത്. അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളുമുണ്ടാകുമെന്ന് യുവതി ചൂണ്ടിക്കാട്ടുമ്പോള് ഡോക്ടറെ കാണണം എന്നൊന്നുമില്ലെന്നാണ് രാഹുല് മാങ്കൂട്ടത്തില് പറയുന്നത്. ഇതിന് ശേഷം ടെലഗ്രാം വഴി സംസാരിക്കാം എന്ന് പറയുകയാണ് രാഹുല്.
ഇതിന് ശേഷവും വാട്സ്ആപ്പില് സംഭാഷണം തുടരുന്നുണ്ട്. മരുന്ന് കഴിക്കുകയാണെങ്കില് എല്ലാം പരിശോധിച്ചുവേണം കഴിക്കാനെന്നാണ് യുവതി തുടര്ന്ന് സംസാരിക്കുന്നത്. താന് ഇക്കാര്യം സുഹൃത്തിനോട് സംസാരിച്ചിരുന്നു. അവള് ഇക്കാര്യം ഒരു ഡോക്ടറോട് സംസാരിച്ചിരുന്നുവെന്നും ഡോക്ടര് കുറേ വഴക്കു പറഞ്ഞെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.മറ്റൊരു ചാറ്റില് താന് തന്റെ ജീവിതത്തില് ഇങ്ങനെ ഒരു മോശം സാഹചര്യത്തിലൂടെ കടന്നുപോയിട്ടില്ലെന്ന് യുവതി പറയുന്നുണ്ട്. തന്റെ അമ്മയെ കണ്ടപ്പോള് കരച്ചില് വന്നെന്നും യുവതി പറയുന്നു. ഇതിന് മറുപടിയായി തന്നെ വന്ന് കാണാനാണ് രാഹുല് മാങ്കൂട്ടത്തില് പറയുന്നത്. നിനക്ക് താങ്ങായി താന് ഇവിടെയുണ്ടെന്നും രാഹുല് പറയുന്നു.
തന്റെ തലയില് ഇട്ടിട്ട് ഒഴിഞ്ഞ് മാറുവാണോ എന്ന് ടെലഗ്രാമിലെ ചാറ്റില് യുവതി ചോദിക്കുന്നുണ്ട്. ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ എന്നും ഒരുപാട് മാറ്റം വന്നെന്നും യുവതി പറയുന്നു. ഇതിനൊരു പരിഹാരം നിങ്ങള് തന്നെ പറയണം. ഡോക്ടറെ കണ്ടാല് ഉടനെ ഇതിനുള്ള മരുന്ന് തരില്ല. ഇതിന്റെ രീതികള് എങ്ങനെയെന്ന് ഗൂഗിള് ചെയ്ത് എങ്കിലും നോക്കൂ എന്നും യുവതി പറയുന്നു. ഇത് നാള് മൂടിവെയ്ക്കും എന്ന് യുവതി ചോദിക്കുമ്പോള് അതിന് രാഹുല് മറുപടി പറയുന്നില്ല. തനിക്ക് ഇത് എങ്ങനെ മുന്നോട്ടുപോകുമെന്ന പേടിയാണ്. അതേസമയം തന്നെ വയറ്റിലുള്ള കുഞ്ഞിനോട് ഇഷ്ടവുമുണ്ട്. തനിക്ക് അത് ഒരിക്കലും മനസിലാകില്ല. രണ്ടിനും ഇടയില് കിടന്ന് വീര്പ്പുമുട്ടുകയാണ് താനെന്നും യുവതി പറയുന്നു.
നിനക്കില്ലാത്ത ടെന്ഷന് തനിക്ക് വേണ്ടല്ലോ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് രാഹുല് ചെയ്തത്. തൊട്ടുപിന്നാലെ ഇതില് നിന്ന് എങ്ങനെ ഒഴിവാകുമെന്ന് യുവതി ചോദിക്കുന്നു. ഒഴിവാകാന് തനിക്കും രാഹുലിനും പറ്റുമോയെന്നും യുവതി ചോദിക്കുന്നുണ്ട്. തനിക്ക് ഈ നാണക്കേട് ചുമക്കാന് താത്പര്യം ഇല്ലെന്നും യുവതി പറയുന്നു. മൂന്ന് ദിവസമായി നിനക്ക് ഇതേപ്പറ്റി പ്രശ്നമുണ്ടായിരുന്നില്ലെന്ന് രാഹുല് പറയുമ്പോള് വയറ്റില് വളരുന്ന കുഞ്ഞുമായി തനിക്ക് വൈകാരിക അടുപ്പമെന്നാണ് യുവതി പറയുന്നത്. താന് ഒരു സ്ത്രീയാണെന്ന് യുവതി പറയുമ്പോള് അങ്ങനെയാണെങ്കില് നീ പ്രശ്നം തീര്ക്കൂ എന്ന് പറഞ്ഞ് ബൈ എന്ന് പറഞ്ഞ് പോകുകയാണ് രാഹുല് ചെയ്തത്. ഇതിന് 'എങ്ങനെ പ്രശ്നം തീര്ക്കും' എന്ന് യുവതി മറു ചോദ്യം ചോദിക്കുന്നുണ്ട്. നീയാണ് ഇതിന് ഉത്തരവാദിയെന്നും യുവതി പറയുന്നു. തനിക്ക് ഇതല്ല പണിയെന്ന് പറഞ്ഞ് രാഹുല് പോകുന്നു. തനിക്ക് ഇതാണോ പണിയെന്ന് യുവതി തിരിച്ചു ചോദിക്കുന്നുണ്ട്.
നേരത്തെ യുവ നേതാവിനെതിരെ മാധ്യമപ്രവര്ത്തകയും നടിയുമായ റിനി ആന് ജോര്ജ് നടത്തിയ വെളിപ്പെടുത്തലില് വലിയ ചര്ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഹൂ കെയേഴ്സ് എന്ന ആറ്റിറ്റ്യൂഡുള്ള നേതാവാണ് മോശമായി പറഞ്ഞതെന്ന് റിനി ആൻ ജോർജ് വെളിപ്പെടുത്തിയിരുന്നു. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാര് ഹോട്ടലിലേയ്ക്ക് ക്ഷണിച്ചിരുന്നതായും മാധ്യമപ്രവര്ത്തക പറഞ്ഞിരുന്നു. അയാളോട് അപ്പോള് തന്നെ തുറന്നടിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാന് പാടില്ലെന്നും പറഞ്ഞിരുന്നു. എന്നാല് പ്രമാദമായ സ്ത്രീപീഡനക്കേസുകളില് ഉള്പ്പെടുന്ന രാഷ്ട്രീയ നേതാക്കള്ക്ക് എന്ത് സംഭവിക്കും, അവര് സുഖമായി ഇരിക്കുന്നില്ലേ എന്നാണ് തിരിച്ച് ചോദിച്ചതെന്നും റിനി പറഞ്ഞിരുന്നു. അയാള് പൊയ്മുഖമുള്ള ആളാണ്. എപ്പോഴും 'ഹു കെയര്' എന്നാണ് ആറ്റിറ്റ്യൂഡ്. അയാളൊരു ഹാബിച്വല് ഒഫന്ഡറാണെന്ന് ഇപ്പോഴാണ് മനസിലാക്കിയതെന്നും റിനി പറഞ്ഞിരുന്നു. ഇയാളില് നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പാര്ട്ടിയിലെ തന്നെ പലരോടും പറഞ്ഞിരുന്നു. എന്നാല് നടപടിയുണ്ടായില്ലെന്നും റിനി പറഞ്ഞിരുന്നു. രാഹുല് മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന് മാധ്യമപ്രവര്ത്തകര് ചോദിച്ചപ്പോള് അത് പറയില്ലെന്നും അയാള് ഉള്പ്പെടുന്ന പാര്ട്ടിയിലെ ആളുകളുമായി നല്ല സൗഹൃദമാണുള്ളതെന്നും റിനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവര്ത്തക തുറന്നുകാട്ടിയ വ്യക്തി രാഹുല് മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയര്ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്ശനവുമായി എഴുത്തുകാരി ഹണി ഭാസ്കരനും രംഗത്തെത്തി. രാഹുല് മാങ്കൂട്ടത്തില് തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്ഗ്രസ് നേതാക്കള് തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്കര് പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല് മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള് രംഗത്തെത്തി. രാഹുല് മാങ്കൂട്ടത്തില് ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുന്ന ഫോണ് സംഭാഷണം റിപ്പോര്ട്ടര് പുറത്തുവിട്ടു. പിന്നാലെ രാഹുല് മാങ്കൂട്ടത്തില് യൂത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു.
മാധ്യമങ്ങളെ കണ്ട രാഹുല് വിഷയത്തെ നിസാരവത്ക്കരിക്കുകയാണ് ചെയ്തത്. ആരോപണം തനിക്കെതിരെയാണെന്ന് കരുതുന്നില്ല എന്നായിരുന്നു രാഹുല് മാങ്കൂട്ടത്തില് പറഞ്ഞത്. നടിയുമായി മികച്ച സൗഹൃദമാണുള്ളതെന്നും രാഹുല് പറഞ്ഞിരുന്നു. ഗര്ഭഛിദ്രത്തിന് നിര്ബന്ധിച്ചു എന്ന ആരോപണത്തില് രാഹുല് മാങ്കൂട്ടത്തിലിനെതിരെ പരാതി പോയിട്ടുണ്ട്. എറണാകുളം സെന്ട്രല് പൊലീസ് സ്റ്റേഷനില് ഷിന്റോ സെബാസ്റ്റ്യൻ എന്ന അഭിഭാഷകനാണ് പരാതി നല്കിയത്. റിപ്പോര്ട്ടര് ടിവി പുറത്തുവിട്ട ഫോണ് സംഭാഷണം കേസെടുക്കാന് പര്യാപ്തമാണെന്ന് ഷിന്റോ പരാതിയില് ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതര വകുപ്പുകള് ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുല് നടത്തിയത് എന്നും പരാതിയില് പറഞ്ഞിരുന്നു.
Content Highlights- Whatsapp, telegram chat of rahul mamkootathil forcing woman for abortion out