ഗര്‍ഭച്ഛിദ്രത്തിന് നിർബന്ധിച്ചു; രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ പരാതി

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് കേസെടുക്കണമെന്ന് പരാതി

കൊച്ചി: ഗര്‍ഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നാരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ പരാതി. ഷിന്റോ സെബാസ്റ്റ്യൻ എന്ന അഭിഭാഷകനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട ഫോണ്‍ സംഭാഷണം കേസെടുക്കാന്‍ പര്യാപ്തമാണെന്നും ഷിന്റോ പരാതിയില്‍ പറയുന്നു. ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുല്‍ നടത്തിയത് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും ഷിന്റോ സെബാസ്റ്റ്യൻ ആവശ്യപ്പെടുന്നു. രാഹുൽ മാങ്കൂട്ടത്തിലും പെൺകുട്ടിയുമായി നടന്ന സംഭാഷണത്തിന്‍റെ ശബ്ദരേഖയിലൂടെയാണ് രാഹുൽ പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച വിവരം പുറത്തറിയുന്നത്.

തുടർച്ചയായി ആരോപണങ്ങൾ പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എഐസിസി നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടായിരുന്നു ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയത്. നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ദിവസം യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തലാണ് വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചത്. മാധ്യമപ്രവര്‍ത്തക ആരോപണം ഉന്നയിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായത്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹണി ഭാസ്‌കറും രംഗത്തെത്തിയിരുന്നു. 'രാഹുല്‍ മാങ്കൂട്ടം-അനുഭവം' എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണി ഭാസ്‌കരന്‍ തുറന്നെഴുതിയത്.

ഇതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഗുരുതര ശബ്ദ സംഭാഷണം റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമായിരുന്നു റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്. സ്വകാര്യത മാനിച്ച് ഫോണ്‍ സംഭാഷണത്തില്‍ യുവതിയുടെ ശബ്ദം എഡിറ്റ് ചെയ്താണ് റിപ്പോര്‍ട്ടര്‍ സന്ദേശം പുറത്തുവിട്ടത്.

Content Highlight; Police complaint against Rahul Mamkoottathil

 

To advertise here,contact us