സ്‌കൂൾ തെരഞ്ഞെടുപ്പ് വിജയിക്കാൻ വിദ്യാർത്ഥികൾക്ക് SFI മദ്യം നൽകിയെന്ന് KSU ആരോപണം; നിഷേധിച്ച് സംഘടന

പൊലീസിന്റെ പരിശോധനയില്‍ സ്‌കൂള്‍ ബാഗില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്

തിരുവനന്തപുരം: സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയതായി ആരോപണം. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയതെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. തിരുവനന്തപുരം നന്ദിയോട് ഭാഗത്തെ സ്‌കൂളിലാണ് സംഭവം. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യവും പണവും നിരോധിത മയക്കുമരുന്നും നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് കെഎസ്‌യു ആരോപണം.

ചൊവ്വാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയായിരുന്നു വിജയിച്ചത്. തുടര്‍ന്ന് നടന്ന വിജയാഹ്ലാദത്തില്‍ നിന്നും പത്തോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഇടവഴിയിലേക്ക് പോകുകയും അവിടെ നിന്ന് മദ്യപിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. ഇവരെ പിന്‍തുടര്‍ന്നെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ മദ്യം കണ്ടെത്തുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

പിന്നാലെ നാട്ടുകാരാണ് പൊലീസിനെ സംഭവമറിയിച്ചത്. പൊലീസിന്റെ പരിശോധനയില്‍ സ്‌കൂള്‍ ബാഗില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരുടെ ബാഗാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുന്നില്ലെന്ന് പാലോട് എസ്എച്ച്ഒ പറഞ്ഞു. അതേസമയം കെഎസ്‌യുവിന്റെ ആരോപണം എസ്എഫ്‌ഐ തള്ളിക്കളഞ്ഞു. എന്നാല്‍ വിഷയത്തെ രാഷ്ട്രീയമായി സമീപിക്കാനാണ് കെഎസ്‌യുവിന്റെ തീരുമാനം. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തും. സ്‌കൂളിന്റെ ഭാഗത്ത് നിന്നും പിടിഐ യോഗം വിളിപ്പിച്ചിട്ടുണ്ട്.

Content Highlights: KSU accused SFI on Thiruvananthapuram school election

To advertise here,contact us