അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റമടക്കം ചുമത്തി കേസെടുത്തു

കൊലപാതക കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്

കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതി അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഭര്‍ത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സതീഷിന് വിവാഹ സമയത്ത് 48 പവന്‍ സ്വര്‍ണം നല്‍കിയെങ്കിലും വീണ്ടും സ്വര്‍ണം വേണമെന്നാവശ്യപ്പെട്ട് അതുല്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. 75000 രൂപ നല്‍കി 11 വര്‍ഷം മുമ്പ് ബൈക്ക് വാങ്ങി നല്‍കിയിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം കാറ് വേണമെന്ന് ആവശ്യപ്പെട്ട് പീഡനമുണ്ടായെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ അതുല്യ അറിയിച്ചിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു.

സതീഷ് അതുല്യയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം തെളിവായി നല്‍കിയാണ് കേസ് നല്‍കിയിരിക്കുന്നത്. സതീഷ് വീട്ടിലിരുന്ന് മദ്യപിച്ച് മര്‍ദിക്കുന്നതിന്റെയും കത്തിയും കസേരയുമുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളാണ് ഡിജിറ്റല്‍ തെളിവായി നല്‍കിയിരിക്കുന്നത്. സതീഷ് വിദേശത്തായതിനാല്‍ കേരളത്തിലെത്തിയ ഉടന്‍ കേസെടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

അതേസമയം വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ കഴിഞ്ഞതുമുതല്‍ക്കെ മാനസിക, ശാരീരിക പീഡനം മകള്‍ നേരിട്ടിരുന്നുവെന്ന് അതുല്യയുടെ പിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഒന്നര വര്‍ഷത്തിന് ശേഷം സതീഷിനെതിരെ പരാതി നല്‍കിയിരുന്നുവെങ്കിലും കൗണ്‍സിലിംഗിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയായിരുന്നു. ഒരു മകള്‍ ഉള്ളതിനാല്‍ എല്ലാം സഹിച്ചാണ് അതുല്യ സതീഷിനൊപ്പം കഴിഞ്ഞിരുന്നതെന്നും പിതാവ് പറയുന്നു.

ഇന്നലെ രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യശേഖറിനെ (30) ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്നലെ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. ദുബായില്‍ കോണ്‍ട്രാക്ടിങ് സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് സതീഷ്. മരണത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Sharjah Athulya death case Kollam Police take case against husband Satheesh

To advertise here,contact us