തിരുവനന്തപുരം: കേരള സർവകലാശാലയിൽ പ്രതിസന്ധി രൂക്ഷം. രജിസ്ട്രാർ കെ എസ് അനിൽകുമാർ തീർപ്പാക്കുന്ന ഫയലുകൾ മാറ്റിവെക്കാൻ വി സി നിർദേശം നൽകിയതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. എന്നാൽ വി സിയ്ക്കും ഗവർണർക്കുമെതിരായി നടക്കുന്ന സമരം ശക്തമാക്കാനാണ് ഇടതുസംഘടനകളുടെ തീരുമാനം.
നിലവിൽ മിനി കാപ്പനാണ് വി സി രജിസ്ട്രാർ ചുമതല നൽകിയിരിക്കുന്നത്. നേരത്തെ സിൻഡിക്കേറ്റ് രജിസ്ട്രാറായി നിയമിച്ചിരിക്കുന്ന കെ എസ് അനിൽകുമാർ ഇന്നലെ സർവകലാശാലയിലേക്കെത്തുന്നതിന് തൊട്ട് മുൻപാണ് അദ്ദേഹത്തെ മാറ്റി മിനി കാപ്പന് പകരം ചുമതല നൽകി വി സി ഉത്തരവിറക്കിയത്. രജിസ്ട്രാർ ഓഫീസിൽ പ്രവേശിക്കുന്നത് തടയാനും വി സി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് രണ്ടും നടന്നിരുന്നില്ല. അനിൽകുമാർ സർവകലാശാലയിലേക്കെത്തുകയും രജിസ്ട്രാർ ചേമ്പറിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇ-ഫയലുകൾ അനിൽ കുമാറിന് പരിശോധിക്കാൻ നൽകരുതെന്ന് വി സി നിർദ്ദേശിച്ചിരുന്നു. രജിസ്ട്രാർ മുഖേന ഫയലുകൾ അയക്കരുതെന്നും അങ്ങനെ വരുന്ന ഫയലുകൾ മാറ്റിവെക്കാനും വിസിയുടെ നിർദ്ദേശിച്ചിരുന്നു. അത്യാവശ്യ ഫയലുകൾ തനിക്ക് നേരിട്ട് അയക്കാനാണ് ജോയിന്റ് രജിസ്ട്രാർമാർക്ക് വിസി നിർദ്ദേശം നൽകിയത്.
അനിൽകുമാറിന്റെ ഐഡി നിലവിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഫയലുകൾ മേശപ്പുറത്തെത്തില്ല എന്നതുകൊണ്ടുതന്നെ എങ്ങനെ ജോലി ചെയ്യും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അനിൽകുമാറിനെതിരെ വി സിക്ക് എന്ത് നടപടി വേണമെങ്കിലും എടുക്കാമെന്നാണ് രാജ്ഭവൻ തീരുമാനം. നിർദേശം ലംഘിച്ചും അനിൽകുമാർ ഫയലുകൾ ആവശ്യപ്പെടുകയാണെങ്കിൽ ഒരുപക്ഷെ കടുത്ത നടപടിയുണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്.
അതേസമയം, നിർദേശം ലംഘിച്ചും അനിൽകുമാർ സർവകലാശാലയിലേക്ക് പ്രവേശിച്ച സംഭവത്തിൽ വിസിക്ക് സെക്യൂരിറ്റി ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ഓഫീസിൽ പ്രവേശിക്കരുത് എന്ന് രജിസ്ട്രാറെ അറിയിച്ചിരുന്നു എന്നും എന്നാൽ അദ്ദേഹം അത് അംഗീകരിക്കാൻ കൂട്ടാക്കാതെ പ്രവേശിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടിൽ ഉള്ളത്.
Content Highlights: Rajbhavan may take action if anilkumar continues to accept file