ജെഎസ്‌കെ പുതുക്കിയ പതിപ്പ് ഇന്ന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും: ഇന്നുതന്നെ പ്രദർശനാനുമതി ലഭിച്ചേക്കും

പീഡനത്തിരയായി ഗര്‍ഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നല്‍കിയതാണ് വിവാദമായത്

dot image

തിരുവനന്തപുരം: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) സിനിമയുടെ പുതുക്കിയ പതിപ്പ് ഇന്ന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. രാവിലെ പത്തുമണിയോടെ തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിലായിരിക്കും സമര്‍പ്പിക്കുക. മ്യൂട്ട് ചെയ്ത ഭാഗങ്ങളും എഡിറ്റ് ചെയ്ത സബ് ടൈറ്റിലും മാത്രമായിരിക്കും സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുന്നത്. പുതുക്കിയ പതിപ്പ് പൂര്‍ണമായും സമർപ്പിക്കേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. ഇന്നുതന്നെ പുതുക്കിയ പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയേക്കും.

ചിത്രത്തിന്റെ പേര് വി ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കാമെന്ന് കഴിഞ്ഞ ദിവസം നിർമാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ചിത്രം എത്രയും വേഗം തീയറ്ററുകളില്‍ എത്തിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്. സിനിമയില്‍ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളെല്ലാം മാറ്റില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്യുകയായിരിക്കും ചെയ്യുക.

ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.  ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. കേസ് കോടതി പരിഗണിച്ചപ്പോള്‍ ടൈറ്റില്‍ മാറ്റുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു. ജാനകി എന്ന പേര് ഉപയോഗിക്കുന്ന 96 ഓളം ഭാഗങ്ങളിലും കട്ട് വേണ്ടിവരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ഇതോടെയാണ് ടൈറ്റിലില്‍ വി എന്ന് ചേര്‍ത്താല്‍ മതിയാകുമെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയത്. കോടതി രംഗങ്ങളില്‍ പേര് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താല്‍ മതിയെന്നും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞതായും നിർമാതാവ് വ്യക്തമാക്കിയിരുന്നു.

സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം 'ജാനകി' എന്ന പേരിലാണ് കുടുങ്ങിയത്. പീഡനത്തിരയായി ഗര്‍ഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നല്‍കിയതാണ് വിവാദമായത്. 

Content Highlights: JSK revised version to be submitted to Censor Board today: Screening approval may be received today

dot image
To advertise here,contact us
dot image