രാജഭക്തനായ വിസിയെക്കൊണ്ട് പുറപ്പെടുവിക്കുന്ന രാജകല്‍പനകള്‍ക്ക് ടിഷ്യുപേപ്പറിന്റെ വിലയുണ്ടാകില്ല: എം ശിവപ്രസാദ്

'മതേതരത്വവും യൂണിവേഴ്‌സിറ്റി നിയമവും ഉയര്‍ത്തി പിടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിരുപാധിക പിന്തുണ'

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. കെ എസ് അനില്‍കുമാറിനെതിരായ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറേയും വിസി മോഹനന്‍ കുന്നുമ്മലിനേയും വിമര്‍ശിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് രംഗത്തെത്തി. താന്‍ രാജാവാണെന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ താന്‍ രാജാവാകില്ലെന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണമെന്ന് എം ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇല്ലാത്ത അധികാരത്തില്‍ രാജഭക്തനായ വിസിയെക്കൊണ്ട് പുറപ്പെടുവിപ്പിക്കുന്ന രാജകല്‍പനകള്‍ക്ക് ടിഷ്യു പേപ്പറിന്റെ വില ഇന്ത്യന്‍ ഭരണഘടനയും നിയമ വ്യവസ്ഥയും യൂണിവേഴ്‌സിറ്റി സ്റ്റാറ്റിയൂട്ടും അനുസരിച്ച് ഉണ്ടാവിലെന്ന് ബോധ്യപ്പെടണമെന്നും എം ശിവപ്രസാദ് പറഞ്ഞു. അങ്ങയുടെ രാജാവ് പുറം വാതിലിലൂടെയാണ് എസ്എഫ്‌ഐ സമരത്തെ പേടിച്ച് ഓടിയതെന്ന് സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിക്ക് ശേഷം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മടങ്ങിയതിനെ ചൂണ്ടിക്കാട്ടി ശിവപ്രസാദ് പരിഹസിച്ചു. രാജഭക്തന് അതിനുള്ള അവസരം ലഭിക്കില്ലെന്ന് ഓര്‍ക്കണം. മതേതരത്വവും യൂണിവേഴ്‌സിറ്റി നിയമവും ഉയര്‍ത്തി പിടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിരുപാധിക പിന്തുണ നല്‍കുന്നുവെന്നും ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.

രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത് അസാധാരണ സംഭവമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പറഞ്ഞു. ഗവര്‍ണര്‍ ഭരണഘടന വിരുദ്ധമായാണ് പെരുമാറുന്നത്. ഗവര്‍ണറുടെ പ്രസ്താവനകള്‍ സംഘ്പരിവാര്‍ പ്രസ്താവനകളായി അധഃപതിച്ചു. വിസിക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ല. നടപടി പൊതു നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും സഞ്ജീവ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

താന്‍ രാജാവാണ് !താന്‍ രാജാവാണ് !താന്‍ രാജാവാണ് !

ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നാല്‍ താന്‍ രാജാവാവില്ലെന്ന് ഗവര്‍ണര്‍ ബോധ്യപ്പെടണം. ഇല്ലാത്ത അധികാരത്തില്‍ രാജഭക്തനായ വിസിയെ കൊണ്ട് പുറപ്പെടുവിപ്പിക്കുന്ന രാജ കല്പനകള്‍ക്ക് ടിഷ്യു പേപ്പറിന്റെ വില ഇന്ത്യന്‍ ഭരണഘടനയും നിയമ വ്യവസ്ഥയും യൂണിവേഴ്‌സിറ്റി സ്റ്റാറ്റിയൂട്ടും അനുസരിച്ചു ഉണ്ടാവിലെന്ന് ബോധ്യപ്പെടണം.

അങ്ങയുടെ രാജാവ് പുറം വാതിലിലൂടെയാണ് എസ്എഫ്‌ഐ സമരത്തെ പേടിച്ച് അന്ന് ഓടിയത്. രാജഭക്തന് അതിനുള്ള അവസരവും ലഭിക്കില്ലെന്ന് ഓര്‍ത്താല്‍ നന്ന്! മതേതരത്ത്വവും യൂണിവേഴ്‌സിറ്റി നിയമവും ഉയര്‍ത്തി പിടിച്ച കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് നിരുപാധിക പിന്തുണ.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതിനെതിരെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നടപടി തള്ളിക്കളയുന്നുവെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ല. നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. അത് ഇവിടെ ലംഘിക്കപ്പെട്ടു. കെ എസ് അനില്‍കുമാര്‍ രജിസ്ട്രാറായി തുടരുമെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞിരുന്നു.

Content Highlights- SFI state president against governor and vc over registrar susupension

To advertise here,contact us