ന്യൂഡല്ഹി: കോണ്ഗ്രസ് പ്രവര്ത്തക സമിതിയില് രാഹുല് ഗാന്ധിക്ക് അഭിനന്ദനം. ജാതി സെന്സസ് നടത്തണമെന്നാവശ്യപ്പെട്ട് പോരാടി, നടപ്പിലാക്കാന് കേന്ദ്ര സര്ക്കാരിനെ നിര്ബന്ധിതമാക്കി രാഹുലെന്നാണ് പ്രവര്ത്തക സമിതിയില് അഭിപ്രായമുയര്ന്നത്. പഹല്ഗാം ഭീകരാക്രമണവും ജാതി സെന്സസും ചര്ച്ച ചെയ്യുന്നതിനാണ് എഐസിസി ആസ്ഥാനത്ത് ഇന്ന് പ്രവര്ത്തക സമിതി യോഗം നടന്നത്.
'മോദി സര്ക്കാര് സെന്സസിനോടൊപ്പം ജാതി സെന്സസും നടത്താന് തീരുമാനിച്ചിരിക്കുന്നു. ഇതിന് ഞാന് ആദ്യമേ രാഹുല് ഗാന്ധിയെ അഭിനന്ദിക്കുന്നു. തുടര്ച്ചയായി ഈ പ്രശ്നം ഉന്നയിക്കുകയും സര്ക്കാരിനെ നിര്ബന്ധിക്കുകയും ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്രയിലെ പ്രധാന പ്രചരണ വിഷയമായി രാഹുല് ഇതിനെ മാറ്റി. 18ാം ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി സാമൂഹ്യ നീതിയെ മാറ്റുകയും ചെയ്തു.', മല്ലികാര്ജുന് ഖര്ഗെ യോഗത്തില് പറഞ്ഞു.
ജാതി സെന്സസ് നടപ്പിലാക്കണമെന്ന നമ്മളുടെ വര്ഷങ്ങള് നീണ്ട ആവശ്യം സര്ക്കാര് അംഗീകരിച്ചിരിക്കുന്നു. പക്ഷെ അത് പ്രഖ്യാപിക്കാന് തിരഞ്ഞെടുത്ത സമയം ഭയപ്പെടുത്തുന്നതാണ്. ഒരുപാട് സംശയങ്ങള് ഉണര്ത്തുന്നുവെന്നും ഖര്ഗെ പറഞ്ഞു. ആര്എസ്എസിന്റെ സംവരണ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായി മോദി സര്ക്കാര് ജാതി സെന്സസ് വൈകിപ്പിക്കുകയായിരുന്നു. പക്ഷെ ഈ വിഷയത്തില് ജനങ്ങള് കോണ്ഗ്രസിനെയും സഖ്യകക്ഷികളെയും പിന്തുണച്ചതോടെ അതോടെ ജാതി സെന്സസ് നീട്ടിവെക്കാന് കഴിയാതെ വരികയായിരുന്നുവെന്നും ഖര്ഗെ പറഞ്ഞു.
പഹല്ഗാം ഭീകരാക്രമണത്തിന് ശേഷം കേന്ദ്ര സര്ക്കാരിന് കൃത്യമായ ഒരു പദ്ധതിയും ഉണ്ടായിരുന്നില്ലെന്ന് ഖര്ഗെ വിമര്ശിച്ചു. പഹല്ഗാം ഭീകരാക്രമണത്തിന് ശേഷം ഏപ്രില് 24ന് കോണ്ഗ്രസ് പ്രവര്ത്തക സമിതിയുടെ അടിയന്തര യോഗം നടന്നു. ആ യോഗത്തില് തീവ്രവാദത്തിനെതിരായ പോരാട്ടത്തിലും തീവ്രവാദികളെ ഒരു പാഠം പഠിപ്പിക്കുന്നതിനും എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസ്സാക്കി. പക്ഷെ ആക്രമണം നടന്ന് ദിവസങ്ങള് കഴിഞ്ഞിട്ടും സര്ക്കാരിന് ഒരു പദ്ധതിയുമില്ല. നമ്മുടെ രാജ്യത്തിന്റെ ഐക്യം, ഏകത, ക്ഷേമത്തെ വെല്ലുവിളിക്കുന്ന എല്ലാ കാര്യത്തെയും നമുക്കൊരുമിച്ച് നേരിടാം. പ്രതിപക്ഷമാകെ ഈ വിഷയത്തില് സര്ക്കാരിനൊപ്പമുണ്ട്. ഈ സന്ദേശമാണ് നാം ലോകത്തിന് നല്കുകയെന്നും ഖര്ഗെ പറഞ്ഞു.
Content Highlights: Congress cwc congratulated Rahul Gandhi for the central government's decision to caste census