വയനാട്ടിലെ മുണ്ടക്കൈ, ചുരല്മല പ്രദേശത്തെ ഉരുള്പൊട്ടല് വാര്ത്ത അറിഞ്ഞതിന് പിന്നാലെ ഉറ്റവരേയും പ്രിയപ്പെട്ടവരേയും അന്വേഷിച്ച് മറുനാട്ടില് നിന്ന് എത്തിയത് നിരവധി ഫോൺകോളുകളാണ്. ദുരന്ത മേഖലയിൽ നിന്ന് മൊബൈലിൽ എത്തുന്ന ദൃശ്യങ്ങൾ കണ്ട് അറബി കടലിനപ്പുറം വിറങ്ങലിച്ച് നിൽക്കുന്നത് നിരവധി പ്രവാസികളാണ്. ആയുസിൻ്റെ പകുതിയിലധികം സമ്പാദിച്ച് പണിത ഓരോ പ്രവാസിയുടേയും സ്വപ്നമായിരുന്ന വീട് മണ്ണൊലിച്ചുപോയി, വേണ്ടപ്പെട്ട ആളുകൾ പരിക്കേറ്റ് കിടക്കുമ്പോളും ചേതനയറ്റ ശരീരവും വേറിട്ട വിവിധ ശരീര അവയവങ്ങളുടേയും ചിത്രങ്ങൾ കാണുമ്പോഴും നിസ്സഹായവസ്ഥയിൽ നിന്ന് കരയുകയായിരുന്നു അവര്.
ഖത്തര്, ദമാം, ജിദ്ദ തുടങ്ങിയ വിവിധ രാജ്യങ്ങളില് നിന്ന് കുടുംബത്തേയും സുഹൃത്തുക്കളേയും അന്വേഷിച്ച് റിപ്പോര്ട്ടറിലേക്കെത്തിയത് നിരവധി ഫോണ് കോളുകളാണ്. ഏറെ വേദനയോടെയായിരുന്നു ഓരോരുത്തരും സംസാരിച്ചത്. രക്ഷപ്പെടുത്തി ക്യാംപുകളില് എത്തിച്ചവരില് തന്റെ കുടുംബം ഉണ്ടോ എന്നറിയാന് വേണ്ടി തിരക്കിട്ട കോളുകളായിരുന്നു എത്തിയത്. വീട്ടിലേക്ക് വിളിച്ച് കിട്ടാതെ വന്നതോടെ പരിഭ്രാന്തിയിലായിരുന്നു പലരും. വാര്ത്തകള് അറിഞ്ഞും ദുരന്ത മേഖലയിലെ ദൃശ്യങ്ങള് കണ്ടുമാണ് പലരും ബന്ധപ്പെട്ടത്.
പുലർച്ചെ മുതല് അവര്ക്ക് വാര്ത്തകളും ദുരന്ത മേഖലയിലെ ദൃശ്യങ്ങളും ലഭിച്ചിരുന്നു. നാട്ടുകാരുമായി ബന്ധപ്പെട്ട് വിവരങ്ങള് ശേഖരിച്ചവരുണ്ട്. നാട് ഒലിച്ചുപോകുന്ന കാഴ്ച വീഡിയോയിലൂടെ കാണുമ്പോള് നിസ്സഹായാവസ്ഥയില് നിന്ന് കരയുകയാണ് പലരും. മരണ സംഖ്യ ഉയരുമ്പോള് തന്റെ പ്രിയപ്പെട്ടവര് അതില് ഉള്പ്പെട്ടിട്ടുണ്ടോ എന്നറിയാനാകാതെ പ്രതീക്ഷ കൈവിടാതെയുള്ളതായിരുന്നു പലരുടേയും വിളികള്.
അവര് പറയുന്ന ഇടങ്ങളില് അന്വേഷണം നടത്തിയപ്പോള് അവിടെയുണ്ടായിരുന്ന ആ വീടുള്പ്പെടെ ഒലിച്ചുപോയെന്നും അവര്ക്ക് വേണ്ടപ്പെട്ടവരെ കാണാതായിരിക്കുകയാണ് എന്ന വിവരങ്ങളായിരുന്നു ലഭിച്ചിരുന്നത്. മുണ്ടക്കൈയിലെ മദ്രസയ്ക്ക് സമീപത്തുണ്ടായിരുന്നു ഫ്ലാറ്റില് താമസിക്കുകയായിരുന്ന പ്രിയപ്പെട്ടവരെ അന്വേഷിച്ചെത്തിയ ഫോണ് കോളിന് അവിടെയുള്ളതെല്ലാം ഒലിച്ചുപോയി എന്ന വേദന നിറഞ്ഞ വാര്ത്തയായിരുന്നു കൈമാറിയത്. പലരുടേയും വീടുകള് ഉരുള്പൊട്ടലില് എത്തിയ മണ്ണും ചെളും കവര്ന്നിരുന്നു.
LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ
ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 160 ആയി. മരണ സംഖ്യ കൂടിവരികയാണ്. മുണ്ടക്കൈയില് ആകെ ഉണ്ടായിരുന്നത് 504 കെട്ടിടങ്ങളാണ്. ഇതിൽ 370 വീടുകളും ബാക്കി ഹോം സ്റ്റേകളും എസ്റ്റേറ്റ് ക്വാര്ട്ടേഴ്സുകളും. ഇപ്പോൾ 30 വീടുകൾ മാത്രമാണ് ബാക്കിയുള്ളത്.
ദുരന്ത മേഖലയിലെ രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. രക്ഷാ പ്രവര്ത്തനത്തിനായി 85 അടി നീളമുളള താല്ക്കാലിക പാലമാണ് നിര്മ്മിക്കുകയെന്ന് മന്ത്രി കെ രാജന് അറിയിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയ്ലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഇന്ന് രാവിലെ 11.30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും.