ധാക്ക: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ഇടക്കാല മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ ബംഗ്ലാദേശ് കോടതി അധികൃതരോട് നിര്‍ദേശിച്ചു. കുട്ടികളില്‍ അല്‍ഗോരിതം വഴി നിര്‍ദേശിക്കപ്പെടുന്ന ഉള്ളടക്കത്തിന്റെ സ്വാധീനം പരിശോധിക്കാന്‍ സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കുട്ടികള്‍ക്കായി ദേശീയ നയം രൂപീകരിക്കാത്ത സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത ഹര്‍ജിയിലാണ് ഞായറാഴ്ച സുപ്രീംകോടതിയുടെ ഹൈക്കോടതി ഡിവിഷന് നിര്‍ദേശങ്ങള്‍ നല്‍കിയത്. ജസ്റ്റിസ് സിക്ദര്‍ മഹ്മൂദൂര് റാസിയും ജസ്റ്റിസ് ഫാത്തിമ അന്‍വറും ഉള്‍പ്പെട്ട ബെഞ്ച് പോസ്റ്റ്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് വിഭാഗം സെക്രട്ടറിയോടും ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മീഷന് ചെയര്‍മാനോടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.
സൈബര്‍ സുരക്ഷാ വിദഗ്ധര്‍, കുട്ടികളുടെ മനശ്ശാസ്ത്ര വിദഗ്ധര്‍, ശിശുരോഗ വിദഗ്ധര്‍, നിയമവിദഗ്ധര്‍ എന്നിവരടങ്ങുന്ന സമിതി ഉടന്‍ രൂപീകരിക്കണം. അല്‍ഗോരിതം അടിസ്ഥാനമാക്കിയുള്ള ശുപാര്‍ശകള്‍ കുട്ടികളുടെ പെരുമാറ്റം, ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം, വളര്‍ച്ച എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന് സമിതി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ രൂപീകരിക്കാനാണ് ലക്ഷ്യം.സുപ്രീംകോടതി അഭിഭാഷകന് മുഹമ്മദ് ഫൈസല്‍ ദസ്തഗീര്‍ ഈ മാസം ആദ്യം ഹര്‍ജി നല്‍കിയിരുന്നു. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നിയന്ത്രണമില്ലാതെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമിതമായ സ്ക്രീന്‍ സമയം കാഴ്ചശക്തിയെ ബാധിക്കുന്നതടക്കമുള്ള ആരോഗ്യപ്രശ്നങ്ങളും അദ്ദേഹം ഉന്നയിച്ചു.
സ്വതന്ത്ര സമിതി രൂപീകരിക്കാത്തതും കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയ നിയന്ത്രണ നയം കൊണ്ടുവരാത്തതും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കാനും കോടതി അധികൃതരോട് ആവശ്യപ്പെട്ടു. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ പ്രായപരിധി നിയന്ത്രണങ്ങളും രക്ഷിതാക്കളുടെ മേല്‍നോട്ടവും ശക്തമാക്കുന്ന നടപടികള്‍ വിവിധ രാജ്യങ്ങള്‍ പരിഗണിക്കുന്നതിനിടെയാണ് ബംഗ്ലാദേശിലെ കോടതി ഇടപെടല്‍.
Content Highlights: The Bangladesh High Court has directed authorities to formulate interim guidelines restricting social media access for children below 16 and ordered an independent expert committee to examine the impact of algorithmically recommended content on minors. The directions were issued while hearing a petition challenging the government's failure to establish a national policy on children's social media usage. The court instructed the Secretary of the Posts and Telecommunications Division and the Chairman of the Bangladesh Telecommunication Regulatory Commission to take necessary steps.