ഖാർത്തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ ഡ്രോൺ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. 113 പേർക്ക് പരിക്കേറ്റു. അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിൻ്റെ (ആർഎസ്എഫ്) നിയന്ത്രണത്തിലുള്ള ടാൻകോങ് മാർക്കറ്റിൽ തിങ്കളാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായതെന്ന് മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ സുഡാൻ സൈന്യമാണെന്ന് ആരോപിച്ച ആർഎസ്എഫ്, സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു.
ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. മരുന്നുകളുടെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമത്തിന് പുറമെ വൈദ്യുത ബന്ധം താറുമാറായതും പ്രതിസന്ധി ഇരട്ടിയാക്കുന്നു.
2023 ഏപ്രിലിലാണ് സുഡാൻ സൈന്യവും (എസ്എഎഫ്) ആർഎസ്എഫും തമ്മിലുള്ള ആഭ്യന്തരയുദ്ധം ആരംഭിച്ചത്. തലസ്ഥാനമായ ഖാർത്തൂം, ഒംദുർമാൻ തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് കൂടുതൽ ആക്രമണങ്ങളും നടക്കുന്നത്. ഈ ആഭ്യന്തര യുദ്ധത്തിൽ ഇതിനോടകം പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പേർക്ക് കിടപ്പാടം നഷ്ടമാവുകയും ചെയ്തു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള വിവേചനരഹിതമായ ഇത്തരം ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്രസഭയും ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സും (MSF) മുന്നറിയിപ്പ് നൽകി. ലോകം കണ്ട ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൊന്നിലൂടെ കടന്നുപോകുന്ന സുഡാനിൽ തുടർച്ചയായ വ്യോമാക്രമണങ്ങളെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോഴും പലായനം ചെയ്യുന്നത്.
Content Highlights: The ongoing conflict in Sudan continues to raise concerns over civilian safety and the worsening humanitarian crisis