സൗദി എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഇന്ത്യന്‍ പൗരനുള്‍പ്പെടെ പരിക്ക്

ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്

റിയാദ്: സൗദി എണ്ണപ്പാടത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഷായ്ബ എണ്ണപ്പാടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു ഇന്ത്യന്‍ പൗരനും ഒരു പാകിസ്താന്‍ പൗരനും ഉള്‍പ്പെടെ പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. നേപ്പാളി, ഫിലിപ്പീന്‍സ് പൗരന്മാരാണ് കൊല്ലപ്പെട്ടതെന്നാണ് സൗദിയുടെ ഊര്‍ജ മന്ത്രാലയം അറിയിക്കുന്നത്.

അതിനിടെ കിംഗ് ഫഹദ് വിമാനത്താവളത്തിലും ആക്രമണം ഉണ്ടായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. മദീനയുടെ ഭാഗത്ത് നിന്ന് നാല് ഡ്രോണുകള്‍ വെടിവെച്ചിട്ടതായാണ് സൗദി അവകാശപ്പെടുന്നത്. സൗദിയില്‍ കനത്ത നാശനഷ്ടം ഉണ്ടായതായാണ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലും നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും ഡ്രോണ്‍ വെടിവെച്ചിട്ടെന്നും സൗദി അറിയിക്കുന്നു. ഇന്നലെ ഹൂതി ശക്തി കേന്ദ്രമായ തായിസിലടക്കം സൗദി സഖ്യ സേനയുടെ ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ ഇരുന്നൂറില്‍ അധികം ഹൂതി വിമതരെ വധിച്ചെന്നാണ് സൗദി അവകാശപ്പെട്ടിരുന്നത്.

അതേസമയം യുദ്ധത്തിലേക്ക് ഈജിപ്റ്റും കടന്നു വരുന്നു എന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. സൗദിക്ക് പിന്തുണയുമായി പാകിസ്താനും തുര്‍ക്കിയും രംഗത്ത് വന്നതിന് പിന്നാലെയാണ് ഹൂതികളുടെ കടന്നുവരവ് കൂടി ഉണ്ടാകുന്നത്. അതിനിടെ അമേരിക്കന്‍ സര്‍ക്കാര്‍ അവരുടെ ഉദ്യോഗസ്ഥരോട് സൗദി വിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അടിയന്തര പ്രാധാന്യമുള്ള ജോലികള്‍ നിര്‍വഹിക്കുന്നവര്‍ ഒഴികെ ഉള്ള എല്ലാവരും സൗദി വിട്ട് മടങ്ങി വരാനാണ് നിര്‍ദ്ദേശം. അതിശക്തമായ ആക്രമണങ്ങള്‍ വരും ദിവസങ്ങളിലും ഉണ്ടായേക്കാമെന്ന ആശങ്കയാണ് ഉയരുന്നത്.

അതേസമയം തങ്ങളെ ആക്രമിക്കുന്ന ഏത് രാജ്യത്തേക്കും കടന്നുകയറുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ഭീഷണി മുഴക്കിയിട്ടുണ്ട്. തങ്ങളുടെ പ്രതിരോധ നയം ആക്രമണാത്മക രീതിയിലേക്ക് മാറ്റിയതായി ഐആര്‍ജിസി വക്താവ് ഹുസൈന്‍ മൊഹെബ്ബി അറിയിച്ചു. മാന്യവും സമാധാനപരവുമായ പരിഹാരം കണ്ടെത്താന്‍ ഇറാന്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും, സ്വയം പ്രതിരോധിക്കാന്‍ തങ്ങള്‍ പൂര്‍ണ്ണ സജ്ജരാണ് എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

Content Highlights: Saudi Arabia reported casualties following Houthi attacks targeting the Shaybah oilfield and, according to international media reports, King Fahd Airport. The Saudi Energy Ministry said two people, identified as Nepalese and Filipino nationals, were killed by falling drone debris at the oilfield, while an Indian and a Pakistani national were reportedly injured. Reports also said one person was killed and eight injured in an attack on the airport. Saudi authorities claimed that four drones approaching from the direction of Medina were intercepted and that damage was reported in the Eastern Province. The attacks followed Saudi-led coalition strikes on Houthi strongholds, including Taiz, where Saudi Arabia claimed more than 200 Houthi fighters were killed.

To advertise here,contact us