സമാധാന കരാറില്‍ അമേരിക്കയും ഇറാനും നേര്‍ക്കുനേര്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മൂസ് തുറക്കില്ലെന്ന് ഇറാന്‍

ഹോര്‍മൂസില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ഇറാന്‍ അവസാനിപ്പിക്കുന്നത് വരെ സാമ്പത്തിക ഉപരോധം തുടരുമെന്ന് അമേരിക്ക

തെഹ്‌റാന്‍: ഇറാനുമായി സമാധാന കരാറില്‍ ഏര്‍പ്പെടുന്നത് വളരെ പ്രയാസകരമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഹോര്‍മൂസില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ഇറാന്‍ അവസാനിപ്പിക്കുന്നത് വരെ സാമ്പത്തിക ഉപരോധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്ക തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കുന്നത് വരെ ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞ് കിടക്കും എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു. എന്നാല്‍ പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ചര്‍ച്ചകള്‍ക്ക് മുമ്പായി അമേരിക്ക എല്ലാ സാമ്പത്തിക ഉപരോധങ്ങളും ഭീഷണികളും നീക്കം ചെയ്യണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. തങ്ങള്‍ക്ക് അമേരിക്കയെ വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഇറാനെതിരായ അടുത്ത ഘട്ട സൈനിക നടപടികള്‍ക്ക് സജ്ജമാണെന്നായിരുന്നു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ മുന്നറിയിപ്പ്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നില്ല എന്ന് തങ്ങള്‍ക്ക് ഉറപ്പ് വരുത്തണെമന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം ഏകദേശം 400 കിലോഗ്രാം ആണവ വസ്തുക്കള്‍ റഷ്യയുടെ കൈകളിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം ഇറാന്‍ തള്ളി. തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിനുള്ളില്‍ തന്നെ സൂക്ഷിക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പാകിസ്താന്‍ കരസേനാ മേധാവി അസിം മുനീര്‍ തെഹ്റാന്‍ സന്ദര്‍ശിക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. നയതന്ത്ര ചര്‍ച്ചകള്‍ക്കിടയില്‍ മുമ്പ് അമേരിക്ക നടത്തിയ ആക്രമണങ്ങളെ ചൂണ്ടിക്കാട്ടിയ ഇറാന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് മുമ്പ് അമേരിക്ക വിശ്വാസം വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇറാന്‍ മുന്നോട്ടുവെച്ച ഏഴ് നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറല്ലെന്നും വ്യക്തമാക്കി.

അതേസമയം, നവംബര്‍ 3-ന് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, യുദ്ധ മേഖലയിലേക്ക് അമേരിക്ക മൂന്ന് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പുകളെ (യുദ്ധക്കപ്പല്‍ വ്യൂഹങ്ങള്‍) വിന്യസിച്ചതും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇസ്രായേല്‍ സന്ദര്‍ശിച്ചതും അമേരിക്കയുടെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങളെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

Content Highlights: US Secretary of State Marco Rubio said reaching a peace deal with Iran would be difficult and that economic sanctions would continue until Iran stops attacks on commercial vessels in the Strait of Hormuz. Iranian Foreign Minister Abbas Araghchi said the strait would remain closed until the US accepted Iran’s conditions. He also confirmed that discussions were continuing with mediation from Pakistan and Qatar.

To advertise here,contact us