പാരീസ്: സമരം ശക്തമായതിന് പിന്നാലെ ഫ്രാന്‍സില്‍ നിരോധനാജ്ഞ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നീക്കം. മേയര്‍മാരുടെ തീരുമാനമനുസരിച്ച് നിരോധനാജ്ഞ വ്യാപിപ്പിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകൊര്നോ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളില്‍ അഞ്ച് ലക്ഷത്തോളം പേര് പങ്കെടുത്തതായാണ് കണക്കാക്കുന്നത്. ഈ പ്രതിഷേധങ്ങളുടെ ഭാഗമായി 2500ല്‍ അധികം പേര് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
പ്രതിഷേധത്തിന്റെ മറവില്‍ കടകളില്‍ നിന്നും മോഷ്ടിച്ച സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് ഫ്രഞ്ച് ഡിജിറ്റല്‍ മന്ത്രി ആന്‍ ലെ ഹനാന്ഫ് വ്യക്തമാക്കി. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുമായി ചര്‍ച്ച നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഈ ശനിയാഴ്ച കൂടുതല്‍ സമരങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ലെകൊര്നോ ട്രേഡ് യൂണിയനുകളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. അതിനിടെ സ്പെയിനില്‍ നവംബര്‍ 11 ന് 24 മണിക്കൂര്‍ വ്യത്യസ്ത യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബര്‍ 29നാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇറ്റലിയിലും സമരം കടുക്കുകയാണ്. ഇറ്റലിയിലെ മിലാന് നഗരത്തില്‍ 500 സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. ശനിയാഴ്ച പ്രതിഷേധം കടുക്കുമെന്നാണ് കണക്കുകൂട്ടല്‍. സമരത്തിന്റെ ഭാഗമാകുന്നവര്ക്കുമേല് പിഴചുമത്തുമെന്നാണ് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അറിയിച്ചിരിക്കുന്നത്. സമരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്ക്കുമേലും പിഴ ചുമത്താനാണ് നീക്കം. മിലാനില്‍ മാത്രം 271 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് കണക്ക്. ജീവിത ചെലവിലെ വര്‍ധന, പൊതുസേവനങ്ങളുടെ നിലവാരമില്ലായ്മ എന്നിവയാണ് ഇറ്റലിയിലെ സമരത്തിന് കാരണമായത്. മിലാനിലെ ഗോത്തിക് കത്തീഡ്രല്‍ ചത്വരത്തിലടക്കം പ്രതിഷേധക്കാരുടെ കല്ലേറ് ഉണ്ടായിരുന്നു. ആഡംബര ഷോപ്പിങ് മാളുകള്‍ക്ക് നേരെയും ആക്രമണം തുടരുകയാണ്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തമാകുന്ന സമരം ജിയോര്‍ജീന മെലോണിക്ക് പ്രതിസന്ധിയായാണ് വിലയിരുത്തുന്നത്.
അല്‍ബേനിയയില്‍ സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ 295 പേര്‍ക്ക് പരിക്കേറ്റിരുന്നു. അതില്‍ 186 പേരും പൊലീസ് ഓഫീസര്‍മാരാണ്. സമരക്കാരുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ രാജ്യം തകരുമെന്ന് അല്‍ബേനിയന്‍ പ്രധാനമന്ത്രി എദി രാമ പറഞ്ഞു. യൂറോപ്പിലെയും അമേരിക്കയിലെയും ചിലശക്തികളുടെ സ്വാധീനത്താല്‍ മൗലികവാദികളായവരാണ് അക്രമങ്ങള്‍ക്ക് പന്നിലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റുകളും പെപ്പര്‍ സ്പ്രേയും പ്രയോഗിച്ചു. ജീവിത ചെലവുകള്‍ ഉയരുന്നതിനെതിരെയും ഡോണള്‍ഡ് ട്രംപിന്റെ മരുമകന് ജാരോഡ് കഷ്ണറുടെ ദുരൂഹ തീരദേശ പദ്ധതിക്കെതിരെയുമാണ് രാജ്യത്ത് സമരം നടക്കുന്നത്. അക്രമാസക്തമായ സമരത്തില്‍ സുപ്രീം കോടതി അടക്കം പ്രതിഷേധക്കാര്‍ തീവെച്ചിരുന്നു.
Content Highlights: France is considering expanding restrictions on protests following demonstrations that reportedly drew nearly 500,000 people on Saturday, with more than 2,500 arrests. Prime Minister Sébastien Lecornu said the restrictions would be extended based on decisions by local mayors. Digital Minister Anne Le Hénanff said authorities had noticed goods allegedly taken from shops being sold online, prompting plans for talks with social media platforms. Further demonstrations are planned for Saturday, while Lecornu has invited trade unions for discussions. In Spain, several unions have announced a 24-hour strike for November 11 ahead of the November 29 general election.