പാകിസ്താനിൽ സ്കൂൾ മേൽക്കൂര തകർന്നുവീണു; 33 വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനും ദാരുണാന്ത്യം

മുകളിലത്തെ നിലയിലെ ക്ലാസ് മുറിയുടെ മേല്‍ക്കൂര തകര്‍ന്നതോടെ താഴെയുള്ള നിലകളിലെ മേല്‍ക്കൂരകളും തകര്‍ന്നുവീഴുകയായിരുന്നു

ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറില്‍ സ്‌കൂള്‍ മേല്‍ക്കൂര തകര്‍ന്നുവീണ് 33 വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും ഉള്‍പ്പെടെ 34 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നതായും ആശങ്കയുണ്ട്.

ഇന്ന് രാവിലെ 8.48നാണ് ദിര്‍ കോളനിയിലെ അല്‍ ഖൈര്‍ സ്വകാര്യ സ്‌കൂളിലാണ് അപകടമുണ്ടായത്. ക്ലാസുകള്‍ ആരംഭിച്ചതിന് പിന്നാലെയായിരുന്നു സംഭവം. മുകളിലത്തെ നിലയിലെ ക്ലാസ് മുറിയുടെ മേല്‍ക്കൂര തകര്‍ന്നതോടെ താഴെയുള്ള നിലകളിലെ മേല്‍ക്കൂരകളും തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. താല്‍ക്കാലികമായി നിര്‍മിച്ച കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കെട്ടിടത്തിന്റെ മൂന്ന് നിലകളിലെയും ക്ലാസ് മുറികള്‍ തകര്‍ന്നതായി പെഷവാര്‍ പൊലീസ് മേധാവി മിയാന്‍ സയീദ് സ്ഥിരീകരിച്ചു. മുകളിലത്തെ ക്ലാസില്‍ 30 കുട്ടികളും ഒന്നാം നിലയില്‍ 40 കുട്ടികളും താഴത്തെ നിലയില്‍ 45 കുട്ടികളും ഉണ്ടായിരുന്നതായാണ് വിവരം.

നിലവാരമില്ലാത്ത മേല്‍ക്കൂര സ്ലാബുകളും താങ്ങാനാകുന്നതിലധികം ഭാരവും കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായിരിക്കാമെന്ന് പൊലീസ് മേധാവി പറഞ്ഞു. ഇടുങ്ങിയ വഴിയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒരേസമയം ഒരു വാഹനത്തിന് മാത്രം കടന്നുപോകാന്‍ കഴിയുന്ന റോഡായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും പ്രതിസന്ധി നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അപകടവിവരമറിഞ്ഞ് സമീപത്തെ സ്‌കൂളിലെ അധ്യാപകരും പ്രദേശവാസികളും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Content Highlights: At least 34 people, including 33 students and a teacher, lost life after a school roof collapsed in Peshawar, Pakistan, with several others injured

To advertise here,contact us