ശ്വാസകോശത്തില്‍ മുഴ കണ്ടെത്തി; ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ

റോമിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

റോം: ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. റോമിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പരിശോധനയില്‍ ശ്വാസകോശത്തില്‍ പ്രാരംഭ ഘട്ടത്തിലുള്ള മുഴ കണ്ടെത്തിയതായി 71കാരനായ മാര്‍പാപ്പ പറഞ്ഞു. ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും നേരത്തേ തന്നെ കണ്ടെത്തിയതിനാല്‍ ആശങ്കയില്ലെന്നും മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയായി ചുമതലയേറ്റ് ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷമാണ് ലിയോ പതിനാലാമന്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച മാര്‍പാപ്പ, വിശ്വാസികളുടെ പ്രാര്‍ത്ഥനകളില്‍ താന്‍ അഭയം തേടുന്നതായും പറഞ്ഞു.

ശസ്ത്രക്രിയ അടുത്ത ആഴ്ചയുടെ ആദ്യ ദിവസങ്ങളില്‍ നടക്കുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. സുഖം പ്രാപിക്കാന്‍ ഏകദേശം ഒരാഴ്ച വേണ്ടിവരുമെന്നാണ് പ്രതീക്ഷ. റോമിലെ ജെമെല്ലി ആശുപത്രിയിലായിരിക്കും ശസ്ത്രക്രിയ നടക്കുകയെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നവംബറില്‍ ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്ക് നടത്താനിരിക്കുന്ന സന്ദര്‍ശനം മാറ്റിവയ്ക്കില്ലെന്നും മാര്‍പാപ്പ അറിയിച്ചു.

Content Highlights: Pope Leo XIV to undergo lung surgery in Rome after doctors discover an early-stage nodule, with his November South America visit still planned

To advertise here,contact us