ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയിലെ ആഡംബര ഹോട്ടലുകള്‍ക്ക് അടക്കം വൻ സുരക്ഷയൊരുക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തിച്ചേരുന്നതിനാലാണ് സുരക്ഷ വർധിപ്പിച്ചത്. ബ്രിക്സ് രാജ്യങ്ങള്‍, മുതിര്‍ന്ന രാജ്യാന്തര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി തലസ്ഥാനത്ത് ഉടനീളം 3,000-ത്തിലധികം ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ചില ആഡംബര പ്രോപ്പര്‍ട്ടികളില്‍ ഒരു രാത്രിയിലെ താമസത്തിന് നിരക്ക് 2 ലക്ഷം രൂപയ്ക്ക് മുകളിലാണ്.
ഉച്ചകോടിക്ക് എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഐടിസി മൗര്യയിലാണ് താമസിക്കുന്നതെന്നാണ് എന്‍ടി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഒരു രാത്രിക്ക് 2 ലക്ഷം രൂപയില്‍ കൂടുതലാണ് ഇവിടെ നിരക്ക്. അതേസമയം നാളെ എത്തുന്ന ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് താജ് പാലസിൽ താമസിക്കുമെന്നും റിപ്പോട്ടുകളുണ്ട്. നിലവില്‍ താജ് പ്രോപ്പര്‍ട്ടിയുടെ എല്ലാ മുറികളിലും ബുക്കിംഗ് കഴിഞ്ഞെന്നാണ് റിപ്പോർട്ട്.
ന്യൂഡല്‍ഹിയിലെ ഡോ. സാക്കിര്‍ ഹുസൈന് മാര്‍ഗിലുള്ള ഒബ്റോയ് ഹോട്ടലില്‍ വിവധ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധി സംഘങ്ങള്‍ എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബ്രസീല്‍, കസാക്കിസ്ഥാന്‍, എത്യോപ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ പ്രതിനിധികളാണ് ഒബ്റോയിലെത്തുക.താജ് മഹല്‍ ഹോട്ടലും വിദേശ പ്രതിനിധികൾക്കും മുതിര്‍ന്ന അന്താരാഷ്ട്ര ഉദ്യോഗസ്ഥർക്കും ആതിഥേയത്വം വഹിക്കുന്നുണ്ട്. ഉറുഗ്വേ, ഫിലിപ്പീന്‍സ്, ക്യൂബ, ബെലാറസ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ ഹോട്ടലിലാണ് താമസിക്കുകയെന്നാണ് റിപ്പോർട്ട്.
ഇത്തവണത്തെ ഉച്ചക്കോടിയില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്കയും കൂടാതെ ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഇറാനിലെയും യുക്രെയ്നിലെയും യുദ്ധങ്ങളും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തിന് കീഴിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നത്.
Content Highlights: Luxury hotels in Delhi are under tight security as world leaders arrive for the BRICS Summit.