യെമനിലെ തുറമുഖ നഗരമായ മൊഖയുടെ നിയന്ത്രണം പിടിച്ച് ഹൂതികൾ; ചെങ്കടലിൽ സ്വാധീനം ഉറപ്പിക്കുക ലക്ഷ്യം

ബാബ് അൽ-മന്ദബ് കടലിടുക്കിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാൻ ഹൂതികൾക്ക് കഴിഞ്ഞതായും റിപ്പോർട്ട്

സന: യെമനിലെ തുറമുഖ നഗരമായ അൽ-മഖായുടെ (മൊഖ) നിയന്ത്രണം ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ഏറ്റെടുത്തു. ചെങ്കടൽ തീരത്ത് തന്ത്രപ്രധാനമായ ദ്വീപുകളിലേക്കും മുന്നേറിയതായി യെമൻ സർക്കാരിൻ്റെ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ബാബ് അൽ-മന്ദബ് കടലിടുക്കിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാൻ ഹൂതികൾക്ക് കഴിഞ്ഞതായും യെമൻ സർക്കാർ സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ചെങ്കടലിന്റെ തെക്കൻ പ്രവേശനകവാടമായ ബാബ് അൽ-മന്ദബ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രഗതാഗത പാതകളിലൊന്നാണ്. ഹൂതികൾ ഹനീഷ് ദ്വീപുകളിലേക്കും എത്തിയതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് മണിക്കൂറുകൾക്കകമാണ് ഹൂതികളുടെ നീക്കം.

ഇതിനിടെ യെമൻ സർക്കാർ സേനയും സഖ്യകക്ഷികളും ചെങ്കടൽ തീരത്ത് തെക്കോട്ട് നീങ്ങി ധുബാബ് മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ബാബ് അൽ-മന്ദബ് കടലിടുക്കിന് നേരെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ധുബാബ്. കടലിടുക്കിന് എതിർവശത്താണ് പെരിം ദ്വീപ് സ്ഥിതി ചെയ്യുന്നത്. ധുബാബിന്റെയും പെരിം ദ്വീപിന്റെയും നിയന്ത്രണം ബാബ് അൽ-മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കുന്നതിൽ നിർണായകമാണെന്ന് സർക്കാർ സൈനിക വൃത്തങ്ങൾ പറഞ്ഞു.

ഇതിനിടെ സൗദി കപ്പലുകൾ ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും കപ്പൽ കമ്പനികൾക്ക് ചെങ്കടലിലൂടെയുള്ള യാത്രസുരക്ഷിതമാണെന്ന് ഹൂതി നിയന്ത്രണത്തിലുള്ള യെമൻ ഹ്യൂമാനിറ്റേറിയൻ ഓപ്പറേഷൻസ് കോർഡിനേഷൻ സെന്റർ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ നടപടികൾ പ്രതിരോധപരമാണെന്നും യെമനിലേക്കുള്ള ആക്രമണങ്ങൾ അവസാനിക്കുന്നതോടെ അവയും അവസാനിക്കുമെന്നുമാണ് ഹൂതി വക്താവ് മുഹമ്മദ് അബ്ദുൽസലാം മറ്റ് വിശദാംശങ്ങൾ വ്യക്തമാക്കാതെ അറിയിച്ചിരിക്കുന്നത്.

അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ​ഗതാ​ഗതം തടസ്സപ്പെട്ടതോടെ സൗദി അറേബ്യ ചെങ്കടൽ വഴിയുള്ള സമുദ്രഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. ആഗോളതലത്തിൽ ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്ന് വരെ മുമ്പ് ഹോർമൂസ് കടലിടുക്കിലൂടെയായിരുന്നു കടന്നുപോയിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയെ സംബന്ധിച്ച് ചെങ്കടലിലെ ​കപ്പൽ ​ഗതാ​ഗതം തടസ്സപ്പെടുന്ന സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹൂതികൾ ചെങ്കടൽ വഴിയുള്ള ഗതാഗതം തടയുന്ന തരത്തിൽ നിയന്ത്രണം ശക്തമാക്കിയാൽ ഹോർമൂസ് കടലിടുക്കിന് സമാനമായ മറ്റൊരു നിർണായക ഗതാഗത ഇടനാഴി ഇറാന്റെ നിയന്ത്രണ സ്വാധീനത്തിലാകാൻ സാധ്യതയുണ്ട്. ഇത് അമേരിക്കയുമായുള്ള യുദ്ധത്തിൽ ഇറാന് നിർണായക നേട്ടം നൽകുകയും രണ്ടാമത്തെ പ്രധാന വിതരണപാതയിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെടുത്തുകയും എണ്ണവില കുതിച്ചുയരാൻ കാരണമാകുകയും ചെയ്യുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എണ്ണ വിതരണപാതകൾ തടസ്സപ്പെടുമെന്ന ആശങ്ക ശക്തമായതോടെ വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് വില നാല് ശതമാനം വരെ ഉയർന്ന് ബാരലിന് 105 ഡോളറിലെത്തി.

ഗൾഫ് മേഖലയിലെ കപ്പൽഗതാഗതവുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രൂക്ഷമായ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിലാണ് യെമനിലെ ചെങ്കടൽ തീരപ്രദേശങ്ങൾ ലക്ഷ്യമാക്കിയുള്ള ഹൂതികളുടെ നീക്കം. അന്താരാഷ്ട്ര പിന്തുണയുള്ള യെമൻ സർക്കാരിന്റെ സഖ്യസേനയും ഹൂതികളും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടെ ഹൂതികൾ സൗദി അറേബ്യയിലും ആക്രമണം നടത്തിയിരുന്നു. ഹൂതി മേഖലകളിൽ സൗദിയും വ്യോമാക്രമണം നടത്തി. ഹൂതി നിയന്ത്രണത്തിലുള്ള യെമനിൽ കഴിഞ്ഞ 12 മണിക്കൂറിനിടെ സൗദി അറേബ്യ 54 വ്യോമാക്രമണങ്ങൾ നടത്തിയതായാണ് ഹൂതി സൈനിക വക്താവ് യഹ്യ സരീയുടെ ആരോപിച്ചത്. ഇതിന് മറുപടിയും ശിക്ഷയും നൽകാതെ പോകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം തുടരുകയാണെന്ന് സൗദിയും ആരോപിച്ചിരുന്നു.

ഇതിനിടെ ഹൂതികൾ നടത്തിയ പീരങ്കിയാക്രമണത്തിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടതായി യെമൻ സർക്കാർ സേനയും ആരോപിച്ചിരുന്നു. യെമനിലെ ഹജ്ജ പ്രവിശ്യയുടെ വ്യോമപരിധിയിൽ പ്രവർത്തിച്ചിരുന്ന കരിയാൽ വിഭാഗത്തിലുള്ള സൗദി അറേബ്യയുടെ ആയുധം വഹിക്കുന്ന നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതായി ഹൂതികളും അവകാശപ്പെട്ടു. അനുയോജ്യമായ ആയുധങ്ങൾ ഉപയോഗിച്ചാണ് ഡ്രോൺ തകർത്തതെന്നാണ് ഹൂതി സൈനിക വക്താവ് യഹ്യ സരീ ടെലഗ്രാമിലൂടെ അറിയിച്ചത്.

ഇറാന്റെ പിന്തുണയുള്ള പ്രാദേശിക സഖ്യമായ ആക്സിസ് ഓഫ് റെസിസ്റ്റൻസ് എന്ന കൂട്ടായ്മയുടെ ഭാഗമായാണ് ഹൂതികളെ കണക്കാക്കുന്നത്. ഗാസയിലെ യുദ്ധത്തിലും ഹൂതികൾ പലസ്തീനികൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്കൊപ്പം ചെങ്കടലിലെ വാണിജ്യ കപ്പലുകൾക്കെതിരെയും അവർ ആക്രമണം നടത്തിയിരുന്നു.

Content Highlights: Houthi forces have reportedly taken control of Yemen’s port city of Mocha, seeking to strengthen their strategic influence over the Red Sea and expand their presence around the key maritime route.

To advertise here,contact us