ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നു; ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത് പത്ത് കപ്പലുകള്‍

യുഎസ്എസ് ജോര്‍ജ് ബുഷ് വിമാനവാഹിനി കപ്പലും ആക്രമിച്ചെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്

തെഹ്‌റാന്‍: ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നതായി റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത് പത്ത് കപ്പലുകള്‍ ആണെന്നാണ് വിവരം. ആറ് കപ്പലുകളെ ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം അവകാശപ്പെടുന്നുണ്ട്. മൂന്ന് കപ്പലുകളെ ആക്രമിച്ചത് ഹോര്‍മൂസില്‍ റൂട്ട് മാറി സഞ്ചരിക്കുമ്പോഴായിരുന്നു. യുഎസ്എസ് ജോര്‍ജ് ബുഷ് വിമാനവാഹിനി കപ്പലും ആക്രമിച്ചെന്ന് ഇറാന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഒമാന്‍ തീരത്ത് ഇറാനിയന്‍ കപ്പല്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഒരു ഡ്രോണ്‍ ബോട്ട് ആക്രമിക്കപ്പെട്ടന്ന വിവരം ഐആര്‍ജിസി പുറത്ത് വിട്ടിരുന്നു.

ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആണ് ഒരിടവേളയ്ക്ക് ശേഷം അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും എല്ലാവരെയും ഉടനടി മാറ്റിയെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് സമീപത്തുവെച്ചാണ് എണ്ണ ടാങ്കറിനെ ലക്ഷ്യം വെച്ച് യുഎസ് ആക്രമണമുണ്ടായത്.

എന്നാല്‍ ഇതിന് തിരിച്ചടിയായി അമേരിക്കയുടെ മൂന്ന് എണ്ണക്കപ്പലുകളും, കൂടാതെ അമേരിക്കയുമായി ബന്ധമുള്ള മറ്റ് മൂന്ന് കപ്പലുകളും ആക്രമിച്ചെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. ഇവയ്ക്ക് ഇനി നീങ്ങാനാകില്ലെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. യുഎസ് വിമാനവാഹിനിക്കപ്പലിനും യുഎസ് നാവികസേനയുടെ ഡിസ്ട്രോയര്‍ കപ്പലിനും നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അറിയിച്ചിരുന്നത്. ഇറാനിയന്‍ കപ്പലുകള്‍ക്ക് തടസം സൃഷ്ടിക്കുകയും നാവിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

എന്നാല്‍ ഹോര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷം കനക്കുന്നത് ആഗോള ചരക്ക് നീക്കത്തെ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. ഹോര്‍മുസില്‍ ചരക്ക് നീക്കം എക്കാലത്തെയും കുറഞ്ഞ നിരക്കില്‍ ആണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. 130 കപ്പലുകള്‍ വരെ പ്രതിദിനം കടന്നു പോയിരുന്ന കടലിടുക്കില്‍ നിലവില്‍ മൂന്നോ നാലോ കപ്പലുകള്‍ മാത്രമാണ് കടന്നു പോകുന്നത്.

ഇറാനിയന്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ യുഎസിന്റെ ആക്രമണ നടപടിയെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം അപലപിക്കുകയും, സംഘര്‍ഷം വഷളാകുന്നതിന്റെ ഉത്തരവാദിത്തം യുഎസും സഖ്യകക്ഷികളും വഹിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. യുഎസ് യുദ്ധക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷന്‍ വക്താവും നിയമസഭാംഗവുമായ ഹസ്സന്‍ ഗാഷ്ഗവി സ്ഥിരീകരിച്ചിരുന്നു. അമേരിക്കയുമായുള്ള അസ്തിത്വപരമായ യുദ്ധത്തിന്റെ ഭാഗമായാണ് ഈ ആക്രമണങ്ങളെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വാഷിംഗ്ടണ്‍ ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നായിരുന്നുവെന്നും വാദിച്ചു.

'കാര്യം ലളിതമാണ്, യുഎസ് കപ്പലുകള്‍ക്കു നേരെ അവര്‍ വെടിയുതിര്‍ത്താല്‍, ഞങ്ങള്‍ അവരുടെ എണ്ണ ടാങ്കറുകള്‍ തകര്‍ക്കും. യുഎസിനു നേരെ വെടിയുതിര്‍ക്കാതിരിക്കുക എന്നത് മാത്രമാണ് അവര്‍ ചെയ്യേണ്ടത്', എന്നായിരുന്നു ഇറാന്റെ ആദ്യഘട്ട ആക്രമണങ്ങള്‍ക്ക് പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇന്നലെ ഇറാന്റെ പികാക്‌സ് മലനിരയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

Content Highlights: Tensions in the Strait of Hormuz are reportedly escalating, with around ten ships coming under attack in a single day. Iran’s military has claimed attacks on six vessels, while reports say three ships were targeted after changing their routes in the strait. Iran also claimed that the USS George Bush aircraft carrier was targeted, while the US released footage of an Iranian vessel being sunk off Oman.

To advertise here,contact us