ന്യൂഡല്‍ഹി: വെനസ്വേലയിലെ 6500 കോടി ബാരല്‍ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി അമേരിക്ക കരാറിലെത്തിയതായി ഡോണള്‍ഡ് ട്രംപ്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാടിനാണ് അമേരിക്ക വെനസ്വേലയുമായി കരാറിലെത്തിയിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് എന്നിവര്‍ ചേര്‍ന്നാണ് കരാര്‍ ചര്‍ച്ച ചെയ്തതെന്ന് ട്രംപ് സമൂഹ മാധ്യമ പോസ്റ്റില്‍ പറഞ്ഞു.
മയക്കുമരുന്ന്, ഭീകരവാദ കുറ്റങ്ങള്‍ ആരോപിച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി അമേരിക്കയിലെത്തിച്ച് ഏകദേശം ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ഇറാനിലെ യുദ്ധം ആറുമാസം പിന്നിട്ടിട്ടും യുദ്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനകളില്ലാത്തതിനാല്‍ അമേരിക്കയില്‍ ഇന്ധനവില ഉയരുകയാണ്. അതേതുടര്ന്ന് ട്രംപിന് മേല്‍ സമ്മര്‍ദം വര്‍ധിച്ചുവരുന്നതിനിടെയാണ് ഈ നീക്കം. ഇതിനിടെ യുഎസ് തന്ത്രപ്രധാന പെട്രോളിയം ശേഖരത്തില്‍നിന്ന് എണ്ണ ഉപയോഗിക്കുകയും ചെയ്തു. ഓഗസ്റ്റ് തുടക്കത്തില്‍ ഈ ശേഖരം 30 കോടി ബാരലിന് താഴെയായി കുറഞ്ഞിരുന്നു. 2026ന്റെ തുടക്കം മുതല്‍ 10 കോടി ബാരലിലധികം കുറഞ്ഞിട്ടുണ്ട്.
ജനുവരിയില്‍ മഡുറോ അധികാരത്തില്‍നിന്ന് പുറത്തായതിന് പിന്നാലെ വെനസ്വേലയുടെ എണ്ണ ശേഖരം ഉപയോഗപ്പെടുത്തുന്നതിനായി അമേരിക്കന്‍ എണ്ണക്കമ്പനികള്‍ വീണ്ടും വെനസ്വേലയിലേയ്ക്ക് എത്തണമെന്ന ആശയം ട്രംപ് മുന്നോട്ടുവച്ചിരുന്നു. മുന്‍ വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കന്‍ എണ്ണക്കമ്പനികളുടേതുള്പ്പെടെ നൂറുകണക്കിന് വിദേശ ഉടമസ്ഥതയിലുള്ള ആസ്തികള്‍ ദേശസാത്കരിച്ചപ്പോള്‍ വെനസ്വേല, അമേരിക്കയുടെ എണ്ണ മോഷ്ടിച്ചുവെന്നാണ് ട്രംപിന്റെ വാദം.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരങ്ങളിലൊന്നാണ് വെനസ്വേലയുടേത്. രാജ്യത്ത് ഭൂമിക്കടിയില്‍ ഏകദേശം 303 ബില്യണ്‍ ബാരല്‍ അസംസ്കൃത എണ്ണ ശേഖരമുണ്ടെന്നാണ് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്റെ കണക്ക്. ഇത് ലോകത്തിലെ ആകെ എണ്ണ ശേഖരത്തിന്റെ ഏകദേശം 17 ശതമാനമാണ്.
മറ്റ് പല പ്രദേശങ്ങളിലും കണ്ടെത്താത്ത എണ്ണശേഖരം കണ്ടെത്താന്‍ ഭൂഗര്‍ഭ ഗവേഷകര്‍ തിരച്ചില്‍ നടത്തി വരികയാണ്. എന്നാല്‍ വെനസ്വേലയിലെ എണ്ണശേഖരത്തിന്റെ ഭൂരിഭാഗവും നേരത്തെ തന്നെ മാപ്പ് ചെയ്യപ്പെട്ടതാണെന്ന് വിദഗ്ധര്‍ പറയുന്നു. തകര്‍ന്ന അടിസ്ഥാനസൗകര്യങ്ങള്‍ കാരണം വെനസ്വേല നിലവില്‍ ലോകത്തിലെ മൊത്തം എണ്ണ ഉല്‍പ്പാദനത്തിന്റെ ഏകദേശം 1 ശതമാനം മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
Content Highlights: Donald Trump announced a major US-Venezuela oil deal involving 65 billion barrels of reserves, calling it the biggest oil deal in world history