മോസ്കോ: റഷ്യയിലെ മോസ്കോയില്‍ ലാന്‍ഡ് ചെയ്ത് അമേരിക്കന്‍ സൈനിക വിമാനം. മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. അമേരിക്കന്‍ സൈനിക വിമാനത്തിന്റെ 'അപ്രതീക്ഷിത' ലാന്‍ഡിങ് വലിയ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് യുഎസ് വ്യോമസേനയുടെ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റര് III സൈനിക ചരക്കുവിമാനം മോസ്കോയില്‍ എത്തിയിരിക്കുന്നത്.
വാഷിങ്ടണിന് സമീപമുള്ള ആന്‍ഡ്രൂസ് എയര്‍ ഫോഴ്സ് ബേസില്‍ നിന്ന് പുറപ്പെട്ട വിമാനം, ലാത്വിയയിലെ റിഗയില് ഇടവേള എടുത്ത ശേഷം മോസ്കോ ലക്ഷ്യമാക്കി യാത്ര ചെയ്തതായാണ് ഫ്ളൈറ്റ് ഡാറ്റ വ്യക്തമാക്കുന്നത്. വിമാനം പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് മോസ്കയില്‍ എത്തിയതെന്ന് ഫ്ളൈറ്റ് റഡാറില്‍ നിന്നുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കുന്നു. ഓഗസ്റ്റ് 23നാണ് വിമാനം റിഗയില് എത്തിയത്. വിമാനം പുറപ്പെട്ട വാഷിങ്ടണിലെ എയര്‍ബേസ് അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ഫോഴ്സ് വണ്‍ ഉള്‍പ്പടെ സൂക്ഷിക്കുന്ന പ്രധാന സൈനിക താവളങ്ങളിലൊന്നാണ്.
അമേരിക്കന്‍ വ്യോമസേന സൈനികരേയും മറ്റ് ചരക്കുകളും വേഗത്തില്‍ ചരക്കുകള്‍ എത്തിക്കുന്നതിനാണ് സി-17 ഗ്ലോബ്മാസ്റ്റര് III സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ ഈ യാത്രയുടെ ലക്ഷ്യവും സ്വഭാവവും അമേരിക്കന്‍ പ്രതിരോധ വകുപ്പോ റഷ്യന്‍ വിദേശകാര്യ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല.
യുക്രെയ്ന് യുദ്ധത്തിന് ശേഷം യുഎസ്-യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ വിമാനങ്ങള്‍ക്ക് അമേരിക്കന്‍-യൂറോപ്യന്‍ വ്യോമപാത നിരോധനവും, മറുപടിയായി റഷ്യ 'അന്യരാജ്യങ്ങള്‍'ക്ക് വ്യോമപാത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനു മുമ്പ് യൂറോപ്പില്‍ നിന്ന് റഷ്യയിലേക്കുള്ള ഒരു യുഎസ് രജിസ്ട്രേഡ് ജെറ്റിന്റെ പറക്കല്‍ ഈ വര്‍ഷം ജനുവരിയിലായിരുന്നു. യുക്രെയ്ന് വിഷയത്തില്‍ വ്ളാഡിമിര്‍ പുടിനുമായി സമാധാന ചര്‍ച്ചകള്‍ക്കായി യുഎസില്‍ നിന്നും സ്റ്റീവന്‍ വിറ്റ്കോഫ്, ജാരഡ് കുഷ്നര്‍ എന്നിവരായിരുന്നു ആ വിമാനത്തില്‍ അന്ന് റഷ്യ സന്ദര്‍ശിച്ചത്. എന്നാല്‍, കുഷ്നറും വിറ്റ്കോഫും വീണ്ടും മോസ്കോ സന്ദര്ശിക്കുമെന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. യുദ്ധസാഹചര്യങ്ങളും അന്താരാഷ്ട്ര സമ്മര്‍ദങ്ങളും തുടരുന്നതിനിടെ, ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ചര്‍ച്ചകളുടെ പുരോഗതിയും അനിശ്ചിതത്വത്തിലാണ്.
Content Highlights: A US Air Force C-17 Globemaster III reportedly landed in Moscow via a multi-stop route, with no official confirmation on its mission or cargo, sparking speculation amid ongoing US–Russia tensions