സാനാ: യെമനില്‍ നിന്നും സൊമാലിയയില്‍ നിന്നുമായി രണ്ട് വാണിജ്യ കപ്പലുകള്‍ റാഞ്ചി സൊമാലിയന്‍ കടൽക്കൊള്ളക്കാർ. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാണ് വ്യാഴാഴ്ച സമാനമായ സംഭവം ഉണ്ടായത്. ഒരു കപ്പല്‍ യമന്‍ തീരത്ത് നിന്നും മറ്റൊരു കപ്പല്‍ സൊമാലിയന്‍ തീരത്ത് നിന്നുമാണ് തട്ടിക്കൊണ്ട് പോയത്.
കൊള്ളക്കാർ റാഞ്ചിയ രണ്ട് കപ്പലുകളിലുമായി 22 ഇന്ത്യന്‍ പൗരന്മാരാണ് ഉള്ളത്. യെമന്‍ തീരത്ത് നിന്ന് ഏകദേശം 30 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഏദന്‍ ഉള്‍ക്കടലില്‍ വെച്ചാണ് ഒരു വാണിജ്യ കപ്പല്‍ കൊള്ളക്കാർ തട്ടിയെടുത്തത്. 16 ഇന്ത്യക്കാരുൾപ്പടെ 20 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന എറിത്രിയ പതാകയേന്തിയ എണ്ണ ഉല്‍പ്പന്ന ടാങ്കര്‍ എംടി സിബു 1 എന്ന കപ്പലാണ് ആറ് സായുധ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്.
കപ്പലിന്റെയും ജീവനക്കാരുടെയും വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. കപ്പലിലെ 16 ഇന്ത്യന്‍ പൗരന്മാരും, സിറിയ, ഇറാന്, സുഡാന് എന്നിവിടങ്ങലിൽ നിന്നുള്ളവരും കപ്പലിലുണ്ട്. കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം.
സൊമാലിയയിലെ പുന്റ്ലാന്‍ഡ് തീരത്ത് നിന്ന് കാമറൂണ്‍ പതാകയുള്ള M/V LUTUF ചരക്കുകപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്ത മറ്റൊരു കപ്പൽ. അതിലെ 10 അംഗ ജീവനക്കാരില്‍ ആറ് പേർ ഇന്ത്യന്‍ പൗരന്മാരാണ്. പുന്റ്ലാന്‍ഡിലെ എയ്ല് ജില്ലയിലെ മറായയില്‍ നിന്ന് 3.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ പിടിച്ചെടുത്തതെന്നും തുടര്‍ന്ന് നുഗാള്‍ തീരത്തേക്ക് കൊണ്ടുപോയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കപ്പലില്‍ ഇന്ത്യന്‍ പൗരന്മാരെ കൂടാതെ ഒരു തുര്‍ക്കി പൗരനും ഒരു ജോര്‍ജിയക്കാരനും രണ്ട് സെര്‍ബിയന്‍ സുരക്ഷാ ജീവനക്കാരുമുണ്ട്.
Content Highlights: Two commercial ships were reportedly taken over at sea, with 22 Indian nationals among those onboard, according to reports.