ഖത്തർ: ഹമാസിൻ്റെ തലവനായി ഖലീൽ അൽ-ഹയ്യയെ തെരഞ്ഞെടുത്തു. ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായാണ് ഖലീൽ അൽ-ഹയ്യ തെരഞ്ഞെടുക്കപ്പെട്ടത്. 2024-ൽ ഗാസയിൽ ഇസ്രായേൽ സൈന്യം വധിച്ച യഹിയ സിൻവാറിന്റെ പിൻഗാമിയായാണ് അൽ-ഹയ്യയുടെ നിയമനം. ഇസ്മായിൽ ഹനിയ്യയെ ഇസ്രയേൽ വധിച്ചതിനെ തുടർന്നായിരുന്നു യഹിയ സിൻവാർ ഹമാസ് മേധാവിയായി നിയമിതനായത്. കഴിഞ്ഞ വർഷം ഖത്തറിൽ വെച്ച് നടന്ന ഇസ്രായേലിന്റെ വധശ്രമത്തിൽ നിന്ന് ഖലീൽ അൽ-ഹയ്യ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. തിങ്കളാഴ്ച നടന്ന ജനറൽ ഷൂറ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിലാണ് അൽ-ഹയ്യ വിജയിച്ചത്. മുൻ രാഷ്ട്രീയ മേധാവിയായ ഖാലിദ് മെഷാലായിരുന്നു ഖലീൽ അൽ-ഹയ്യയുടെ എതിരാളി. ആദ്യഘട്ട വോട്ടെടുപ്പിൽ ഇരുവർക്കും പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് നടന്ന റൺ-ഓഫ് വോട്ടെടുപ്പിലായിരുന്നു ഖലീൽ അൽ-ഹയ്യ തെരഞ്ഞെടുക്കപ്പെട്ടത്.
2021ൽ ഹമാസ് രൂപപ്പെടുത്തിയ ആഭ്യന്തര നേതൃത്വ ഘടന അനുസരിച്ച് സംഘടനയുടെ പരമോന്നത സ്ഥാനങ്ങൾ ഗാസ, അധിനിവേശ വെസ്റ്റ് ബാങ്ക്, പ്രവാസി സമൂഹം എന്നീ മൂന്ന് പ്രധാന ഭൂമിശാസ്ത്രപര മേഖലകളെ പ്രതിനിധീകരിക്കുന്നവരായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഈ നയത്തിന് അനുസൃതമായാണ് ഗാസയെ പ്രതിനിധീകരിച്ചിരുന്ന നേതാവായിരുന്ന അൽ-ഹയ്യയുടെ തിരഞ്ഞെടുക്കപ്പെട്ടത്. യുദ്ധകാല ഭരണനിർവഹണത്തിനായി 2024 അവസാനത്തിൽ രൂപീകരിച്ച അഞ്ചംഗ ഇടക്കാല ഭരണസമിതിയിലെ അംഗമായിരുന്ന അൽ-ഹയ്യ.
1987-ൽ ഹമാസ് രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്ന അൽ-ഹയ്യ. ആദ്യ ഇന്തിഫാദ കാലഘട്ടത്തിൽ പലതവണ ഇസ്രായേൽ സൈന്യത്തിന്റെ തടങ്കലിലായി. തടവിനിടെ കടുത്ത പീഡനങ്ങൾ അനുഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഗാസയിലെ ഹമാസ് ഉപനേതാവ്, അറബ്-ഇസ്ലാമിക് ബന്ധങ്ങളുടെ ചുമതലയുള്ള ഓഫീസ് മേധാവി തുടങ്ങിയ നിർണായക പദവികൾ അൽ-ഹയ്യ വഹിച്ചിട്ടുണ്ട്. 2012-ലും 2014-ലും ഗാസയിലെ യുദ്ധങ്ങൾക്ക് ശേഷമുള്ള വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് പ്രതിനിധിസംഘത്തെ നയിച്ചത് അദ്ദേഹമായിരുന്നു.
2023 ഒക്ടോബറിൽ ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന പരോക്ഷ വെടിനിർത്തൽ, ബന്ദി കൈമാറ്റ ചർച്ചകളിൽ ഹമാസിനെ പ്രതിനിധീകരിച്ച് ചർച്ചകളെ നയിച്ചത് അൽ-ഹയ്യ ആയിരുന്നു. 2012 മുതൽ ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനാൽ അദ്ദേഹം പ്രധാനമായും ദോഹയിൽ നിന്നാണ് നയതന്ത്ര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ഗാസയ്ക്കുമേലുള്ള ഉപരോധം മറികടന്ന് പ്രാദേശിക രാജ്യങ്ങളുമായുള്ള രാഷ്ട്രീയ ബന്ധങ്ങൾ നിലനിർത്തുന്നതിൽ പ്രധാനപങ്ക് വഹിച്ച നേതാവാണ് അൽ-ഹയ്യ.
2023 നവംബറിൽ ലെബനനിൽ എത്തി ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ലയുമായി കൂടിക്കാഴ്ച നടത്തിയ പ്രതിനിധിസംഘത്തെയും നയിച്ചത് അൽ-ഹയ്യ ആയിരുന്നു. 2024 ജനുവരിയിൽ ബെയ്റൂട്ടിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ഹമാസ് ഉപരാഷ്ട്രീയ മേധാവി സാലിഹ് അൽ-അറൂറി കൊല്ലപ്പെട്ടപ്പോൾ അൽ-ഹയ്യ അതിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. 2007 മെയ് മാസത്തിൽ അൽ-ഹയ്യയുടെ കുടുംബവീട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ട് സഹോദരന്മാരുൾപ്പെടെ ഏഴ് ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡ്സിലെ അംഗമായിരുന്ന മകൻ ഹംസ 2008-ൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 2014-ലെ ഗാസയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ അൽ-ഹയ്യയുടെ മൂത്തമകൻ ഒസാമ, ഭാര്യ, അവരുടെ മൂന്ന് മക്കൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു. 2025 സെപ്റ്റംബറിൽ ദോഹയിലെ ഒരു താമസസമുച്ചയത്തെ ലക്ഷ്യമിട്ട ഇസ്രായേൽ ആക്രമണത്തിൽ മകൻ ഹുമാം, ഓഫീസ് ഡയറക്ടർ ജിഹാദ് ലബാദ്, മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ, ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവർ കൊല്ലപ്പെട്ടെങ്കിലും അൽ-ഹയ്യ രക്ഷപ്പെട്ടു. ഈ വർഷം ആദ്യം ഗാസ സിറ്റിയിലെ ദറജ് മേഖലയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ മറ്റൊരു മകൻ അസ്സാം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Content Highlights: Khalil Al Hayya has emerged as the new leader of Hamas, marking a significant leadership change within the Palestinian militant group amid ongoing regional tensions.