ആറാം ദിനവും ആക്രമണം തുടര്‍ന്ന് യുഎസ്; റെയില്‍വെ സ്‌റ്റേഷന്‍ ആക്രമിച്ചു, തിരിച്ചടിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലല്ലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി രംഗത്ത് വന്നിട്ടുണ്ട്

തെഹ്‌റാന്‍: തുടര്‍ച്ചയായ ആറാം ദിനവും ഇറാനില്‍ യുഎസ് ആക്രമണം. ബന്ദര്‍ അബ്ബാസിലെ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുടനീളം ഉണ്ടായ ആക്രമണങ്ങളില്‍ 2 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 8 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കുവൈറ്റും ജോര്‍ദാനും അടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ തിരിച്ചടി തുടരുകയാണ്. ഹോര്‍മൂസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലല്ലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി രംഗത്ത് വന്നിട്ടുണ്ട്. ബഹ്‌റൈനില്‍ യുഎസ് സൈനിക താവളത്തില്‍ യുദ്ധ വിമാനത്തെ ആക്രമിച്ചതായി ഇറാന്‍ സൈന്യം അവകാശപ്പെടുന്നു. ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ചതായി കുവൈറ്റും അറിയിച്ചു. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഹോര്‍മൂസ് കടലിടുക്ക് ഇനി ഒരിക്കലും തിരിച്ചു പോകില്ലെന്നാണ് ഇറാന്‍ സൈനിക വക്താവ് അറിയിച്ചിരിക്കുന്നത്.

ഹോര്‍മൂസ് കടലിടുക്ക് ലംഘിക്കരുതാത്ത 'ചുവന്ന രേഖ'യാണെന്ന മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം ഇന്നലെ രംഗത്ത് വന്നിരുന്നു. അമേരിക്ക സൈനിക നടപടികള്‍ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണം നടത്തുകയാണെങ്കില്‍ മേഖലയിലുടനീളമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കുമെന്നും ഇറാനിയന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഇറാനിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന ഭീഷണി യാഥാര്‍ഥ്യമായാല്‍, മേഖലയിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ശക്തമായ പ്രഹരങ്ങളില്‍ തകര്‍ന്നുവീഴും' എന്നായിരുന്നു ഇറാന്‍ സൈന്യത്തിന്റെ പ്രതികരണം.

ഇതിനിടെ അമേരിക്കയെയും ഇസ്രയേലിനെയും സൗദി അറേബ്യയെയും വിമര്‍ശിച്ച് ഹൂതി വിമതരും രംഗത്ത് വന്നിട്ടുണ്ട്. ലോകത്തിലെ തിന്മയുടെയും അസ്ഥിരതയുടെയും യഥാര്‍ത്ഥ ഉറവിടം അമേരിക്കയും ഇസ്രായേലുമാണെന്ന വിമര്‍ശനവുമായി ഹൂതി നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി രംഗത്തെത്തി. മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധികള്‍ക്ക് അമേരിക്കയും ഇസ്രയേലും ചേര്‍ന്നുള്ള നീക്കങ്ങളാണ് കാരണമെന്ന് ഹൂതി നേതാവ് ആരോപിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സൗദി അറേബ്യന്‍ നേതൃത്വവും പങ്കാളികളാണെന്നും ഹൂതി ആരോപിച്ചു. ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലായിരുന്നു സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തിയുടെ പ്രതികരണം.

'അമേരിക്കയും ഇസ്രായേലും അവരുടെ സഖ്യകക്ഷികളും യുദ്ധങ്ങള്‍ പ്രോത്സാഹിപ്പിച്ചും വിവിധ രാജ്യങ്ങളുടെ സമ്പത്ത് കൊള്ളയടിച്ചും മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുകയാണ്. ഗ്രേറ്റര്‍ ഇസ്രയേല്‍ എന്ന ലക്ഷ്യത്തോടെ മിഡില്‍ ഈസ്റ്റിന്റെ ഭൂപടം മാറ്റിമറിക്കാനുള്ള സയണിസ്റ്റ് പദ്ധതിയാണ് മേഖലയിലെ എല്ലാ യുദ്ധങ്ങള്‍ക്കും പിന്നിലെ പ്രധാന കാരണ'മെന്നും അദ്ദേഹം ആരോപിച്ചു. ഈ സഖ്യത്തിന് അന്താരാഷ്ട്ര കരാറുകളോടോ ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളോടോ ബഹുമാനമില്ലെന്നും അല്‍ ഹൂത്തി വിമര്‍ശിച്ചു. 'മുസ്ലിം ലോകത്തിന്റെ ഐക്യം തകര്‍ക്കുന്നതിനായി അമേരിക്ക, ഇസ്രായേല്‍, ബ്രിട്ടന്‍ എന്നിവരുമായി സൗദി അറേബ്യ സഹകരിക്കുന്നുവെന്നത് ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായ കാര്യമാണെ'ന്നും അല്‍ ഹൂത്തി കൂട്ടിച്ചേര്‍ത്തു. യെമനെതിരായ സൗദിയുടെ ആക്രമണങ്ങള്‍ക്ക് യാതൊരു നിയമപരമായ ന്യായീകരണവുമില്ലെന്നും അത് അമേരിക്കയോടും ഇസ്രായേലിനോടുമുള്ള രാഷ്ട്രീയ വിധേയത്വത്തിന്റെ ഭാഗമാണെന്നും അല്‍ ഹൂത്തി ആരോപിച്ചു.

Content Highlights: The Iran-US conflict has intensified for a sixth straight day, with attacks reported in Bandar Abbas and across Hormozgan province causing casualties. Iran and the US have exchanged claims over military actions, while Gulf nations including Kuwait and Bahrain remain on high alert amid growing tensions around the strategic Hormuz Strait.

To advertise here,contact us