അമേരിക്കയുടെ സൈനിക നടപടി വഴി ഇറാന്റെ സൈനിക ശേഷിയുടെ ഭൂരിഭാഗവും തകർത്തു: ഡോണൾഡ് ട്രംപ്

അമേരിക്കൻ കോൺഗ്രസിന്റെ പരിഗണനയിലുള്ള റഷ്യയ്‌ക്കെതിരായ ഉപരോധ ബില്ലിൽ ഇറാനെയും ഹിസ്ബുല്ലയെയും ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ കോൺഗ്രസിന്റെ പരിഗണനയിലുള്ള റഷ്യയ്‌ക്കെതിരായ ഉപരോധ ബില്ലിൽ ഇറാനെയും ഹിസ്ബുല്ലയെയും ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ സൈനിക നടപടി വഴി ഇറാന്റെ സൈനിക ശേഷിയുടെ ഭൂരിഭാഗവും തകർത്തതായും ട്രംപിന്റെ അവകാശവാദം. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം.

ആദ്യം വെടിയുതിർന്നത് ഇറാനാണെന്നും അത് വലിയ തെറ്റായിരുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. 'ഇറാന് ഒരു ധാരണയിലെത്താനുള്ള അവസരം നൽകാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ ആദ്യം വെടിയുതിർന്നത് അവരാണ്. അത് അവരുടെ വലിയ തെറ്റായിരുന്നു. അതിനുശേഷം ഞങ്ങൾ അവർക്കെതിരെ ശക്തമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവർ വളരെ കടുപ്പക്കാരായ ആളുകളാണ്' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഹോർമൂസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് പകരമായി അമേരിക്കയിൽ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുമെന്നും ട്രംപ് ആ‍വർത്തിച്ചു. ഹോർമൂസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരമായി അമേരിക്കയിൽ നടത്തുന്ന നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.

ഇതിനിടെ കഴിഞ്ഞ ഏതാനും മണിക്കൂറിനിടെ ഇറാനിലെ വിവിധ പ്രദേശങ്ങളിൽ ആക്രമണം നടന്നതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖെഷം ദ്വീപിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. അമേരിക്ക പ്രയോഗിച്ച പ്രൊജക്ടൈലാണ് ഒരു സ്ഫോടനത്തിന് കാരണമായതെന്ന് ഖെഷം ഗവർണറുടെ ഓഫീസിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. കിഷ് ദ്വീപിൽ ജല-വൈദ്യുതി വിതരണ കേന്ദ്രത്തിന് സമീപം ഒരു പ്രൊജക്ടൈൽ പതിച്ച് പൊട്ടിത്തെറിച്ചതായി ഇറാനിലെ തസ്‌നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലെ അൻദിമെഷ്ക് നഗരത്തിൽ സ്ഫോടനം ഉണ്ടായതായി സർക്കാർ നിയന്ത്രണത്തിലുള്ള ഐആർഐബി ചെയ്യുന്നുണ്ട്. എന്നാൽ സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അമേരിക്കയുമായുള്ള ഇടക്കാല ധാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ പാർലമെന്റിലെ ഭൂരിപക്ഷം എംപിമാരും രം​ഗത്ത് വന്നിട്ടുണ്ട്. 290 അംഗങ്ങളുള്ള ഇറാൻ പാർലമെന്റിലെ 180 എംപിമാരാണ് അമേരിക്കയുമായുള്ള ധാരണാപത്രം അവസാനിച്ചതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രസ്താവന പുറത്തിറക്കിയത്. പ്രതികാര നടപടികൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടത് അനിവാര്യമാണെന്ന് പ്രസ്താവനയിൽ എംപിമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും ഭരണവും ഇറാന്റെ നിബന്ധനകൾക്ക് അനുസൃതമായി നടപ്പാക്കുന്നതിനുള്ള പുതിയ നിയമനിർമാണം പാസാക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

രക്തസാക്ഷികളുടെ ത്യാഗത്തിന് പ്രതികാരം ചെയ്യുമെന്ന പ്രതിജ്ഞയോടെ മുന്നോട്ടുപോകും. അതിനായി ആവശ്യമായ പരിശ്രമങ്ങളിലും ആസൂത്രണങ്ങളിലും പ്രവർത്തനങ്ങളിലും ഒരു നിമിഷവും വീഴ്ച വരുത്തില്ലെന്നാണ് എംപിമാർ പുറത്തിറക്കിയ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത്. പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും ഭരണവും സംബന്ധിച്ച നിയമം പാസാക്കുന്നതിനും പാർലമെന്റ് മുൻഗണന നൽകും. അമേരിക്കൻ പ്രസിഡന്റ് ഈ ധാരണ അവസാനിച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, രാജ്യത്തെ ഭരണഘടനാപരമായ എല്ലാ അധികാരകേന്ദ്രങ്ങളും ഇതുസംബന്ധിച്ച് ശക്തവും വിപ്ലവാത്മകവുമായ നിലപാട് പ്രഖ്യാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും പ്രസ്താവനയിൽ എംപിമാർ പറയുന്നുണ്ട്. ഹോർമൂസ് കടലിടുക്കിന്മേലുള്ള ഇറാന്റെ പരമാധികാരം ഉറപ്പാക്കുന്നതിൽ സായുധ സേനയുടെ നടപടികൾക്ക് പൂർണ പിന്തുണ നൽകുമെന്നും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും പ്രസ്താവനയിൽ ഇറാൻ്റെ 180 പാർലമെൻ്റ് അം​ഗങ്ങ​ൾ വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്' ഈടാക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറി. ഇതിന് പകരമായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ നടത്തുന്ന വ്യാപാര-നിക്ഷേപ കരാറുകൾ നടപ്പിലാക്കുമെന്നാണ് ഡോണൾഡ‍് ട്രംപിൻ്റെ പുതിയ തീരുമാനം. മിഡിൽ ഈസ്റ്റ് നേതാക്കളുമായി വളരെ ഫലപ്രദമായ ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ 20 ശതമാനം അമേരിക്കൻ റീഇംബഴ്‌സ്‌മെന്റ് ഫീസ് ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു. അതിന് പകരം വിവിധ ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ വ്യാപാര-നിക്ഷേപ കരാറുകൾ നടപ്പാക്കും എന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഹോർമുസ് കടലിടുക്കിൽ അമേരിക്ക നൽകുന്ന സുരക്ഷാ സേവനങ്ങൾക്കുള്ള ചെലവ് തിരിച്ചുപിടിക്കാനാണ്'റീഇംബഴ്‌സ്‌മെന്റ് ഫീസ്' ഏർപ്പെടുത്തുന്നതെന്ന് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച ഇറാഖ് പ്രധാനമന്ത്രിയുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച സന്ദേശത്തിലൂടെ ട്രംപ് നിലപാട് മാറ്റം പ്രഖ്യാപിച്ചത്.

Content Highlights: Donald Trump claimed that US military action has destroyed most of Iran's military capability, making the statement amid heightened tensions in the Middle East.

To advertise here,contact us