വാഷിംഗ്ടൺ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്കെതിരെ ആരോപണവുമായി വീണ്ടും ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ മെലോനി തന്നോടൊപ്പം ഫോട്ടോ എടുക്കാൻ പലതവണ അഭ്യർത്ഥിച്ചുവെന്ന ആരോപണമാണ് ട്രംപ് വീണ്ടും ആവർത്തിച്ചത്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം.
ഇറ്റലിയിൽ മെലോനിയുടെ ജനപ്രീതി ഇടിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഇറാന് ആണവായുധം ലഭിക്കുന്നതും വികസിപ്പിക്കുന്നതും തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് അവർ പിന്തുണ നൽകാതിരുന്നത് അതിന് കാരണമാകാമെന്നുമാണ് ഡോണൾഡ് ട്രംപിൻ്റെ പ്രതികരണം. 'ഇറ്റലിയിൽ മെലോണിയുടെ ജനപ്രീതി കുറഞ്ഞുവരികയാണ്. ഇറാന് ആണവായുധം നേടുന്നതും വികസിപ്പിക്കുന്നതും തടയാനുള്ള അമേരിക്കയുടെ നിലപാടിനെ അവർ പിന്തുണച്ചില്ല. (അതുപോലെ നാറ്റോയും ചെയ്തില്ല)' എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
അമേരിക്കയ്ക്ക് ഇറ്റലിയിലെ വിമാനത്താവളങ്ങളോ റൺവേകളോ ഉപയോഗിക്കാൻ മെലോനി അനുവദിച്ചില്ലെന്നും ഇത് അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് വലിയ ലോജിസ്റ്റിക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ട്രംപ് വിമർശിച്ചു. 'ഇറ്റലിയെയും മറ്റ് 'നാറ്റോ സഖ്യരാജ്യങ്ങളെയും' സംരക്ഷിക്കാൻ അമേരിക്ക പ്രതിവർഷം നൂറുകണക്കിന് ബില്യൺ ഡോളർ ചെലവഴിക്കുന്നുണ്ടെങ്കിലും ഇറ്റലിയിലെ റൺവേകളോ ലാൻഡിംഗ് സ്ട്രിപ്പുകളോ ഉപയോഗിക്കാൻ പോലും അവർ ഞങ്ങളെ അനുവദിച്ചില്ല. ഇത് വലിയൊരു ലോജിസ്റ്റിക് അസൗകര്യമായിരുന്നു' എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
ഇറാനെ അമേരിക്ക സൈനികമായി പരാജയപ്പെടുത്തിയതിന് ശേഷമാണ് മെലോനി വീണ്ടും അമേരിക്കയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്നും ട്രംപ് കുറിച്ചിട്ടുണ്ട്. 'സ്വന്തം ജനപ്രീതി ഉയർത്തുകയാണ് അതിന്റെ ലക്ഷ്യമെന്നും ട്രംപ് ആരോപിച്ചു. ഇപ്പോൾ അമേരിക്ക ഇറാനെ സൈനികമായി പരാജയപ്പെടുത്തിയതോടെ, സ്വന്തം ജനപ്രീതി കൂട്ടാനാണ് അവർ വീണ്ടും ഞങ്ങളുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നത്' എന്നും ട്രംപ് പോസ്റ്റിൽ കുറിച്ചു.
വെള്ളിയാഴ്ചയും ട്രംപ് സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ജി7 ഉച്ചകോടിക്കിടെ മെലോണി തന്നെ ഫോട്ടോയ്ക്കായി യാചിച്ചുവെന്നായിരുന്നു ട്രംപിൻ്റെ അവകാശവാദം. ട്രംപിൻ്റെ അവകാശവാദം നിഷേധിച്ച് മെലോനിയും രംഗത്തെത്തിയിരുന്നു. ട്രംപിന്റെ വാദങ്ങൾ പൂർണമായും വ്യാജമാണെന്നും, ഇത്തരത്തിൽ സഖ്യരാജ്യങ്ങളോട് പെരുമാറുന്നത് അദ്ദേഹത്തിന് പുതിയ കാര്യമല്ലെന്നുമായിരുന്നു മെലോനിയുടെ വിമർശനം.
Content Highlights: Donald Trump alleged that Italian Prime Minister Giorgia Meloni repeatedly requested photos with him to increase her popularity. Read the latest details, reactions, and political context.