മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ് നഗരത്തിന് സമീപം പാകിസ്താന് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാ സൈനികരും കൊല്ലപ്പെട്ടതായി സൈന്യം വ്യക്തമാക്കി. എത്രപേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടതെന്ന കാര്യത്തില്‍ കൃത്യത വന്നിട്ടില്ല. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് സൈന്യം അറിയിച്ചു. പറന്നുയരുന്നതിനിടെയായിരുന്നു സംഭവം.
'പാകിസ്താന് ആര്‍മി ഏവിയേഷന്റെ ഒരു എംഐ-17 ഹെലികോപ്റ്റര്‍ ഇന്ന് മുസാഫറാബാദിന് സമീപം സാങ്കേതിക തകരാര്‍ മൂലം തകര്‍ന്നുവീണു. എല്ലാ ഉദ്യോഗസ്ഥരും മരിച്ചു,' സൈനിക മാധ്യമ വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു. റഷ്യന്‍ നിര്‍മ്മിത മീഡിയം-ലിഫ്റ്റ് ട്രാന്‍സ്പോര്‍ട്ട് ഹെലികോപ്റ്ററാണ് എംഐ-17.
സംഭവത്തിൽ പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അനുശോചനം രേഖപ്പെടുത്തി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, പതിവ് പരിശീലന പറക്കലിനിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാനിലെ ഡയമര്‍ ജില്ലയിലെ ഹുഡോര് ഗ്രാമത്തിന് സമീപം ഒരു എംഐ-17 ഹെലികോപ്റ്റര്‍ തകര്ന്നുവീമിരുന്നു. അന്ന് അഞ്ച് പാകിസ്താന് ആര്‍മി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
Content Highlights: Pak Army Mi-17 helicopter crashes in PoK during take-off, all aboard killed