ഇന്ത്യക്കാർക്ക് ആശ്വാസം; എച്ച്-1 ബി വിസ ഫീസ് വർധന റദ്ദാക്കി കോടതി, ട്രംപിന്റെ നടപടി നിയമ വിരുദ്ധമെന്ന് വിമർശനം

യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് ഫീസ് വര്‍ധിപ്പിച്ചതെന്നും ഇത് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും കോടതി

വാഷിങ്ടണ്‍: എച്ച്-1 ബി ഫീസ് വര്‍ധന കുത്തനെ കൂട്ടാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ട്രംപിന്റെ തീരുമാനം യുഎസ് കോടതി റദ്ദാക്കി. നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് ഫീസ് വര്‍ധിപ്പിച്ചതെന്നും ഇത് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

ഇരുപത് ഡെമോക്രാറ്റിക് സ്‌റ്റേറ്റുകളിലെ അറ്റോര്‍ണി ജനറല്‍മാര്‍ സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായ വിധി. ഫീസ് വര്‍ധന വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന പൊതുമേഖകളെ ദോഷകമായി ബാധിക്കുമെന്നും ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിന്‍ വിലയിരുത്തി. കുടിയേറ്റ നിയന്ത്രണ നയങ്ങളുടെ ഭാഗമായി 1,00,000 ഡോളര്‍ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആയിരുന്നു ട്രംപ് ഭരണകൂടം ഫീസായി നിശ്ചയിച്ചത്. ഇത്രയും വലിയ തുക ഫീസായി ഈടാക്കാന്‍ ഭരണകൂടത്തിന് നിയമപരമായി അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. അമേരിക്കന്‍ കമ്പനികള്‍ക്ക് അസാധ്യമാകുന്ന തരത്തിലാണ് ഫീസ് വര്‍ധനയെന്നും കോടതി വിലയിരുത്തി.

അമേരിക്കന്‍ കമ്പനികള്‍ക്ക് വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കുന്ന എച്ച്-1 ബി വിസ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യക്കാരാണ്. പ്രതിവര്‍ഷം അനുവദിക്കുന്ന എച്ച്-1 ബി വിസകളില്‍ 70 ശതമാനവും നേടുന്നത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളാണ്. അതുകൊണ്ടുതന്നെ കോടതി വിധി ഇന്ത്യക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20നായിരുന്നു എച്ച്-1 ബി വിസയുടെ വാര്‍ഷിക ഫീസ് ട്രംപ് ഭരണകൂടം വര്‍ധിപ്പിച്ചത്. കുടിയേറ്റം നിയന്ത്രിക്കുന്നതിനാണ് പുതിയ തീരുമാനമെന്നായിരുന്നു ട്രംപ് അന്ന് പറഞ്ഞത്. ഉയര്‍ന്ന വരുമാനമുള്ളവരെയും പണക്കാരെയും രാജ്യത്തേക്ക് എത്തിക്കുക എന്നതായിരുന്നു ഫീസ് വർധനയുടെ പ്രധാന ഉദ്ദേശം. കുറഞ്ഞ ഫീസ് ചുമത്തിയിരുന്നതിനാല്‍ അമേരിക്കയിലെ പല ചെറിയ തസ്തികകളില്‍ പോലും തദ്ദേശീയര്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങളുണ്ടാകാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് ഫീസ് വര്‍ധന പ്രഖ്യാപനം നടത്തിയ അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് പറഞ്ഞിരുന്നു.

Content Highlights- A court has reportedly canceled the H-1B visa fee increase introduced during Donald Trump’s administration, ruling it illegal.

To advertise here,contact us