വിറച്ച് ഫിലിപ്പീന്‍സ്; ഭൂചലനത്തില്‍ മരണം 32ആയി

പതിനായിരത്തിലധികം പേരെ മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്

മനില: ഫിലിപ്പീന്‍സ് ഭൂചലനത്തില്‍ മരണം 32ആയി. വിവിധ പ്രവിശ്യയില്‍ നിന്നായി 100ലധികം പേര്‍ക്കാണ് പരിക്കേറ്റത്. 12ലധികം പേരെ കാണാതായി. പതിനായിരത്തിലധികം പേരെ മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപിലാണ് ഭൂചലനമുണ്ടായത്. പിന്നാലെ ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചില ഇടങ്ങളില്‍ ഇവ പിന്‍വലിച്ചിട്ടുണ്ട്. ഇന്ന് പ്രാദേശിക സമയം രാവിലെ 7.37നാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ദുരന്തത്തില്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ പ്രതികരണവുമായി എത്തി. മിന്റനാവോ ദ്വീപിനെ കൈവിടില്ലെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള ഏകോപിപ്പിക്കുകയാണെന്നും അറിയിച്ചു.

ഭൂചലനത്തെ തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ ഉണ്ടായ ഭൂചലനത്തില്‍ പരിഭ്രാന്തരായ ഒരു ഡസന്‍ വിദ്യാര്‍ത്ഥികള്‍ തറയില്‍ കുത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യ ഭൂചലനം ഉണ്ടായതിന് പിന്നാലെ തുടരെ തുടരെ 1.3 മുതല്‍ 6.7 തീവ്രത രേഖപ്പെടുത്തിയ 130 തുടര്‍ചലനങ്ങളുണ്ടായതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഫിലിപ്പീന്‍സില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭൂമിശാസ്ത്രപരമായി അഗ്‌നിപര്‍വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകുന്ന പസഫിക്ക് സമുദ്ര തടത്തിലെ റിംഗ് ഓഫ് ഫയറില്‍ സ്ഥിതി ചെയ്യുന്ന ഫിലിപ്പീന്‍സില്‍ ഭൂചലനങ്ങള്‍ സാധാരണയാണ്. ഭൂരിഭാഗവും സമാധാനപരമായ രീതിയില്‍ അവസാനിക്കുമെങ്കിലും ചിലസമയങ്ങളില്‍ വന്‍നാശനഷ്ടങ്ങളും ഉണ്ടാക്കാറുണ്ട്.

Content Highlights: The death toll from the devastating earthquake in the Philippines has risen to 32

To advertise here,contact us