'മതി, ഇതിവിടെ നിര്‍ത്താം, നന്ദി ഡാര്‍ലിങ്'; മൈക്ക് ഊരിയെറിഞ്ഞ് അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി ട്രംപ്

അവതാരക ക്രിസ്റ്റന്‍ വെല്‍ക്കറുമായുള്ള അഭിമുഖമാണ് വാക്കേറ്റത്തില്‍ കലാശിച്ചത്

വാഷിങ്ടണ്‍: മൈക്ക് ഊരിയെറിഞ്ഞ ശേഷം ടെലിവിഷന്‍ അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ട്രംപും എന്‍ബിസി അവതാരക ക്രിസ്റ്റന്‍ വെല്‍ക്കറും തമ്മിലുള്ള അഭിമുഖം വാക്കേറ്റത്തില്‍ കലാശിച്ചതോടെയായിരുന്നു ഇറങ്ങിപ്പോക്ക്. കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നുവെന്ന ട്രംപിന്റെ വാദത്തിന് തെളിവ് നല്‍കാന്‍ അവതാരക ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് ഞായറാഴ്ച എന്‍ബിസിയുടെ 'മീറ്റ് ദ പ്രസ്' അഭിമുഖത്തില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഇറങ്ങിപ്പോയത്.

കാലിഫോര്‍ണിയയിലെ മന്ദഗതിയിലുള്ള വോട്ടെണ്ണലിനെ കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. നാല് ദിവസം കഴിഞ്ഞിട്ടും ഫലം പുറത്തുവരാത്തത് തെരഞ്ഞെടുപ്പ് തട്ടിപ്പിന്റെ തെളിവാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. എന്നാല്‍ ക്രിസ്റ്റന്‍ വെല്‍ക്കര്‍ ഇതിന് തെളിവുണ്ടോയെന്ന് ട്രംപിനോട് ആവര്‍ത്തിച്ച് ചോദിച്ചു. പലരില്‍ നിന്നായി കേള്‍ക്കുന്നുണ്ടെന്നും നോക്കിയാല്‍ തന്നെ തനിക്ക് മനസിലാകുമെന്നായിരുന്നു ഇതിന് ട്രംപ് നല്‍കിയ മറുപടി. എന്നാല്‍ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടന്നതായി യാതൊരു തെളിവുമില്ലെന്ന് വെല്‍ക്കര്‍ വീണ്ടും പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഫലം പ്രഖ്യാപിക്കാത്തത് ശരിയാണോ എന്ന് ട്രംപ് വീണ്ടും ചോദിച്ചു. വോട്ടെണ്ണല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി. പിന്നാലെ കലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്നും നിങ്ങളും അത്തരത്തിലുള്ള ആളാണെന്നും കുബുദ്ധിയാണെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ താന്‍ അത്തരത്തിലൊരാളല്ലെന്ന് അവതാരക പ്രതികരിച്ചു. എന്നാല്‍ തന്റെ ആരോപണം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.

പിന്നാലെ അഭിമുഖം അവസാനിപ്പിച്ച് ട്രംപ് പോവുകയായിരുന്നു. 'ക്ഷമിക്കണം. എനിക്ക് മതിയായതിനാല്‍ നമുക്ക് ഇത് നിര്‍ത്താം. നന്ദി, പ്രിയേ.. നല്ല സമയം ആസ്വദിക്കൂ' എന്ന് പറഞ്ഞുകൊണ്ട് മൈക്രോഫോണ്‍ നിലത്തേക്ക് ഊരി എറിഞ്ഞാണ് ട്രംപ് എഴുന്നേറ്റ് പോയത്.

ഇത് ആദ്യമായല്ല ട്രംപ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു പത്രസമ്മേളനത്തില്‍ പ്രസിഡന്റ് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ കൈറ്റ്ലാന്‍ കോളിന്‍സിനെപ്പറ്റി പരാമര്‍ശം നടത്തിയിരുന്നു. സിഎന്‍എന്‍ ചാനല്‍ വളരെ അഴിമതി നിറഞ്ഞ ഒന്നാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. കൈറ്റ്ലാന്‍ ഒരിക്കലും പുഞ്ചിരിക്കാത്ത ഒരു യുവ സുന്ദരിയാണെന്നും അവളുടെ കണ്ണുകളില്‍ വെറുപ്പാണ് കാണുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Content Highlights: Donald Trump Walks Out of Television Interview After Throwing Microphone

To advertise here,contact us