ന്യൂഡല്‍ഹി: താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വളരെ വലിയ ആരാധകനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്രമോദിയെ താന്‍ വളരെയധികം സ്നേഹിക്കുന്നുവെന്നും മോദി മഹാനാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ അമേരിക്കയുമായി വളരെയധികം അടുത്തുവെന്നും ഇന്ത്യ ആഗ്രഹിക്കുന്നതെന്തും അവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ആതിഥേയത്വം വഹിച്ച ഒരു പരിപാടിയില്‍ ലൈവ് കോളില്‍ വന്നാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
'ഇന്ത്യയുമായി അമേരിക്ക ഇപ്പോള്‍ ഏറെ അടുത്തു. ഇന്ത്യയ്ക്ക് എന്നെയും ഞങ്ങളുടെ രാജ്യത്തെയും 100 ശതമാനം ആശ്രയിക്കാം. അവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എവിടേയ്ക്ക് വിളിക്കണമെന്ന് അവര്‍ക്കറിയാം. അവര്‍ ഇവിടേയ്ക്കാണ് വിളിക്കുന്നത്. ഞങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുകയും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയുമാണ്. ഞങ്ങള്‍ക്ക് റെക്കോര്‍ഡ് സമ്പദ് വ്യവസ്ഥയുണ്ട്, റെക്കോര്‍ഡ് സ്റ്റോക്ക് മാര്‍ക്കറ്റുണ്ട്, ഇന്ത്യ എന്ത് ആഗ്രഹിക്കുന്നോ അത് അവര്‍ക്ക് കിട്ടും. ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വളരെ വലിയ ആരാധകനാണ്. അദ്ദേഹം മഹാനാണ്. എന്റെ സുഹൃത്താണ്' ട്രംപ് പറഞ്ഞു.
ഇന്ത്യ അമേരിക്കയിൽ നിന്ന് 50,000 കോടി ഡോളറിന്റെ സാധനങ്ങൾ വാങ്ങുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഊർജം, സാങ്കേതികവിദ്യ, കൃഷി എന്നീ മേഖലകളിലാകും ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരം ഉണ്ടാകുക. ഇന്ത്യ 5 വർഷംകൊണ്ട് 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ വാങ്ങുമെന്നാണ് മാർകോ റൂബിയോ പറഞ്ഞത്. പ്രധാനമന്ത്രി അടക്കമുള്ള ഇന്ത്യയിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയതിന് ശേഷമായിരുന്നു റൂബിയോയുടെ പ്രതികരണം. നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതാണ് റൂബിയോ.
Content Highlights: 'I am a big fan of Narendra Modi, India will get whatever they want': Donald Trump