വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിന് ഇടയില്‍ വെടിവെയ്പ്പ് നടത്തിയ ആളെ തിരിച്ചറിഞ്ഞു. ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെ ഇയാളെ പിടികൂടുന്ന ചിത്രം ട്രംപ് പുറത്തുവിട്ടിരുന്നു. 31കാരനായ കോള്‍ തോമസ് അലനാണ് പിടിയിലായത്. ഇയാള്‍ ആക്രമണം നടത്തിയതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
കാലിഫോര്‍ണിയ സ്വദേശിയായ ഇയാള്‍ അധ്യാപകനാണെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. ലിങ്ഡ് ഇന്നില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍, കംപ്യൂട്ടര്‍ സയന്റിസ്റ്റ്, ഗെയിം ഡെവലപ്പര്‍, പാര്‍ട് ടൈം അധ്യാപകന് എന്നൊക്കെയാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.
കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് ഇയാള്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങിൽ ബിരുദം നേടിയത്. പിന്നീട് കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി.
നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലെ അണ്ടര്‍ഗ്രാജ്വേറ്റ് റിസര്‍ച്ച് ഫെല്ലോഷിപ്പില്‍ 2014ല്‍ പങ്കെടുത്തിട്ടുണ്ട്. തോക്ക് ഉപയോഗിച്ച് ആക്രമണം ഉണ്ടാക്കിയതിനും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കോളിനെതിരെ കേസ് എടുക്കുമെന്നാണ് കൊളംബിയയിലെ യുഎസ് അറ്റോര്‍ണി ജീനെന് പിറോ അറിയിച്ചിരിക്കുന്നത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Content Highlights: Authorities have identified a 31-year-old suspect, reported as a teacher and engineer, in a shooting incident linked to a Trump event