റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

ഉപരോധ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ഏകദേശം 30 ദശലക്ഷം ബാരല്‍ എണ്ണ ഇന്ത്യ റഷ്യയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞു

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. ഏപ്രില്‍ 11-ന് അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമാണ് പുതിയ ലൈസന്‍സ്. പുതിയ ഉത്തരവ് പ്രകാരം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുളള ലൈസന്‍സ് തുടരും. എന്നാല്‍ ഇറാനില്‍ നിന്നുളള എണ്ണ വാങ്ങല്‍ സാധ്യമല്ലെന്നാണ് സൂചന. നേരത്തെ ഇന്ത്യയുള്‍പ്പെടെയുളള ഏഷ്യന്‍ രാജ്യങ്ങള്‍ ഉപരോധ ഇളവുകള്‍ നീട്ടി നല്‍കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഉപരോധ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ഏകദേശം 30 ദശലക്ഷം ബാരല്‍ എണ്ണ ഇന്ത്യ റഷ്യയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് അനുവദിച്ചിരുന്ന ഇളവ് പുതുക്കില്ലെന്ന് നേരത്തെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞിരുന്നു. എന്നാല്‍ പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നു. ഇറാനെതിരായ ആക്രമണവും ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങളും രാജ്യാന്തര എണ്ണവിലയെ ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ത്തിയിരുന്നു. വില നിയന്ത്രിക്കാനെന്ന പേരിലാണ് റഷ്യയുടെയും ഇറാന്റെയും എണ്ണയ്ക്ക് ഒരുമാസത്തെ ഉപരോധ ഇളവ് ട്രംപ് പ്രഖ്യാപിച്ചത്. പുതിയ ഇളവ് മെയ് 16 വരെയാണ്. എന്നാല്‍ ഇറാന്‍, ക്യൂബ, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് ഇളവ് ബാധകമല്ല.

Content Highlights: US extends waiver on oil imports from Russia; oil can be purchased until May 16

To advertise here,contact us