പണമൊന്നും ഇല്ലാതെ യുറേനിയം അമേരിക്കയിലെത്തിക്കുമെന്ന് ട്രംപ്; എവിടേക്കും കൊണ്ടുപോകാനാവില്ലെന്ന് ഇറാന്‍

ആണവായുധ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ഇറാന് സമ്മതമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞിരുന്നു

തെഹ്‌റാന്‍: ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം വീണ്ടെടുത്ത് അമേരിക്കയിലെത്തിക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തളളി ഇറാന്‍ വിദേശകാര്യ മന്ത്രാലയം. ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം ആരും എവിടേയ്ക്കും മാറ്റാന്‍ പോകുന്നില്ല എന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് എസ്മായേല്‍ ബഖായ് പറഞ്ഞത്. ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയാല്‍ സമ്പുഷ്ടീകരിച്ച യുറേനിയം എന്തുചെയ്യുമെന്നത് ചര്‍ച്ചയായിരുന്നു. അതിനിടെയാണ് യുറേനിയം വീണ്ടെടുത്ത് അമേരിക്കയിലെത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ആണവായുധ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ഇറാന് സമ്മതമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ കൈക്കലാക്കുമെന്ന് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. അമേരിക്കയുടെ ബി2 ബോംബറുകൾ സൃഷ്ടിച്ച ന്യൂക്ലിയർ 'ഡസ്റ്റ്' ഒരു തരത്തിലുള്ള പണമിടപാടുകളുമില്ലാതെ അമേരിക്ക പിടിച്ചെടുക്കും. ഈ കരാറിന് ലെബനനുമായി ബന്ധമില്ലെന്നും ഇസ്രയേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്തില്ലെന്നും ട്രംപ് അറിയിച്ചിരുന്നു.

ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ എല്ലാം അവസാനിച്ചുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. നാറ്റോ സഖ്യത്തിൽ നിന്നും സഹായവാഗ്ദാനം ലഭിച്ചു. അവരുടെ കപ്പലുകളിൽ എണ്ണ നിറയ്ക്കാൻ മാത്രമാണെങ്കിൽ മാറി നിൽക്കാൻ ഞാൻ അവരോട് പറഞ്ഞു. ആവശ്യമുള്ളപ്പോൾ ഉപയോഗമില്ലാത്ത വെറും കടലാസ് പുലിയാണ് നാറ്റോയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറച്ചു. സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും ഖത്തറിനും അവരുടെ ധീരതയ്ക്കും പിന്തുണയ്ക്കും ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു. ഇറാൻ ഹോർമുസ് കടലിടുക്ക് ഇനി അടയ്ക്കില്ലന്ന് സമ്മതിച്ചിട്ടുണ്ട്. ലോകത്തിനെതിരെയുള്ള ആയുധമായി ഹോർമുസിനെ ഇനി ഉപയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

Content Highlights: Trump says he will bring uranium to the US without any money; Iran says it can't be taken anywhere

To advertise here,contact us