'എല്ലാം അമേരിക്കയുടെ തീരുമാനം'; യുഎസ് - ഇറാൻ ചർച്ച പരാജയപ്പെടാൻ കാരണം തന്‍റെ ഫോണ്‍വിളി അല്ലെന്ന് നെതന്യാഹു

'യുഎസിന്റെ തീരുമാനമാണ് എല്ലാം'; തന്റെ ഇടപെടലാണ് യുഎസ് ഇറാന്‍ ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന വാദം തള്ളി നെതന്യാഹു

ടെല്‍ അവീവ്: ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി താന്‍ നടത്തിയ സംഭാഷണത്തെ തുടർന്നാണെന്ന വാദം തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാൻ അമേരിക്ക ചർച്ചകൾ ധാരണയിലെത്താനുള്ള സാഹചര്യം ഇല്ലാതാക്കിയത് ചർച്ചയിൽ അമേരിക്കയെ നയിച്ച ജെ ഡി വാൻസിനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവസാന നിമിഷം വിളിച്ചതിനെ തുടർന്നാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര​ഗ്ചി ആരോപിച്ചിരുന്നു. എന്നാൽ ഇസ്ലമാബാദിൽ നടന്ന ചർച്ചകളിലെ തീരുമാനം പൂർണ്ണമായും അമേരിക്കയുടേതാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്.

ഇസ്ലാമാബാദില്‍ നടന്ന ഉന്നതതല യോഗത്തിനിടെ വാന്‍സ് നെതന്യാഹുവുമായി സംസാരിച്ചിരുന്നുവെന്ന അര​ഗ്ചിയുടെ പരാമര്‍ശം ചര്‍ച്ചയെ ബാഹ്യ ശക്തികള്‍ സ്വാധീനിച്ചുവെന്ന സംശയം ഉയര്‍ത്തിയിരുന്നു. മാരത്തോണ്‍ ചര്‍ച്ചകള്‍ ലോകത്തിന് വലിയ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും പാകിസ്താനില്‍ നിന്നും ഒരു തീരുമാനവുമാകാതെ ജെഡി വാന്‍സ് മടങ്ങിയതോടെ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന പ്രശ്ന പരിഹാരം അനിശ്ചിതത്വത്തിലാകുകയായിരുന്നു. യുഎസിലേക്ക് മടങ്ങുന്നതിനിടെയും വാന്‍സ് തന്നോട് സംസാരിച്ചിരുന്നു എന്ന് നെതന്യാഹു കാബിനറ്റ് ബ്രീഫിങ്ങിനിടെ പറഞ്ഞു എന്നാണ് ആക്‌സിയോസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്റെ ഭാഗത്ത് നിന്നുണ്ടായ നിസ്സഹകരണം മൂലമാണ് ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണെന്നാണ് നെതന്യാഹു അവകാശപ്പെടുന്നത്. ഹോർമുസ് കടലിടുക്ക് പെട്ടെന്ന് തന്നെ തുറക്കണം എന്നതായിരുന്നു ചർച്ചയിലെ പ്രധാന ആവശ്യം എന്നും നെതന്യാഹു കാബിനറ്റ് മീറ്റിംഗിൽ വെളിപ്പെടുത്തി. എന്നാല്‍ ഇറാൻ ഈ നിർദ്ദേശം അംഗീകരിക്കാൻ തയ്യാറായില്ലെന്നും അതിനാലാണ് ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടതെന്നുമാണ് നെതന്യാഹു വെളിപ്പെടുത്തിയത്.

ഇറാന്റെ ആണവായുധ ശേഷി ഇല്ലാതാക്കുന്നതിലാണ് ട്രംപിന്റെയും യുഎസിന്റെയും പ്രധാന ശ്രദ്ധയെന്നതാണ് ജെഡി വാന്‍സുമായുള്ള ചര്‍ച്ചയ്ക്കിടയില്‍ വ്യക്തമായതെന്നും നെതന്യാഹു പറയുന്നു.

Content Highlights: Israeli Prime Minister Benjamin Netanyahu denied influencing US Vice President JD Vance during the 2026 US–Iran talks, stressing that Washington made independent decisions

To advertise here,contact us