തെല്‍ അവീവ്: ഇറാനെതിരായ സൈനിക നടപടികള്‍ ശക്തമായി തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇപ്പോള്‍ തന്നെ ചരിത്രപരമായ ഒട്ടേറെ നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ അതേ അവസ്ഥ നേരിടുകയാണെന്നും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 11-ന് രാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഇറാന് ആണവായുധങ്ങള്‍ നിര്‍മ്മിക്കുമെന്ന ഘട്ടമായപ്പോഴാണ് ഞങ്ങള്‍ അവര്‍ക്കെതിരെ പോരാട്ടം ആരംഭിച്ചത്. ബി 2 വിമാനങ്ങള്‍ക്ക് പോലും എത്താന്‍ കഴിയാത്ത വിധം, ഭൂമിക്കടിയില്‍ മിസൈലുകളുടെ നിര്‍മ്മാണവും ആണവപദ്ധതിയും മറച്ചുവയ്ക്കാനാണ് ഖമേനി ശ്രമിച്ചത്. ഇറാനിലെ സമ്പുഷ്ടമായ യുറേനിയം നയതന്ത്ര നടപടികളിലൂടെയോ ബലപ്രയോഗത്തിലൂടെയോ നീക്കംചെയ്യും. അവര്‍ ഞങ്ങളെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ഞങ്ങള്‍ അവരെ ശ്വാസം മുട്ടിച്ച് കൊല്ലുകയാണ്'- നെതന്യാഹു പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ച പാകിസ്താനിൽ പുരോഗമിക്കുന്നതിനിടെയാണ് ഇറാനെതിരെ സൈനിക നടപടി തുടരുമെന്ന ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവരുന്നത്.
അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ച 15 മണിക്കൂറിന് ശേഷം താൽക്കാലികമായി പിരിഞ്ഞു. വിവിധ വിഷയങ്ങളിൽ ഗൗരവതരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഞായറാഴ്ചയും ചർച്ച തുടരുമെന്ന് ഇറാൻ സർക്കാർ അറിയിച്ചു.ചർച്ച ഏത് ഘട്ടത്തിലാണ് എത്തിനിൽക്കുന്നത് എന്നത് സംബന്ധിച്ച് യുഎസ് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചർച്ചയുടെ ഫലം എന്തായാലും അത് തന്നെ സംബന്ധിച്ച് വലിയ കാര്യമല്ലെന്നും യുദ്ധത്തിൽ യുഎസ് ജയിച്ചു കഴിഞ്ഞു എന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം.
ഹോർമുസ് കടലിടുക്ക് സംബന്ധിച്ചാണ് ഇറാനും യുഎസും തമ്മിൽ വലിയ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നതെന്ന് ഇറാൻ മാധ്യമമായ തസ്നീം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് ഏകപക്ഷീയമായ വലിയ നിബന്ധനകളാണ് ഹോർമുസുമായി ബന്ധപ്പെട്ട് മുന്നോട്ടുവെക്കുന്നതെന്നും അത് ഇറാൻ അംഗീകരിക്കില്ലെന്നും തസ്നീം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: campaign is not yet over, we still have more to do says benjamin netanyahu