ഇസ്ലാമബാദ്: പാകിസ്താൻ്റെ തലസ്ഥാന നഗരിയായ ഇസ്ലാമാബാദിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൽ യുഎസിനും ഇറാനുമായി സമാധാന ചർച്ചയ്ക്ക് വേണ്ടി വേദി ഒരുക്കുന്നതിൻ്റെ ഭാഗമായാണ് ലോക്ഡൗൺ. കനത്ത സുരക്ഷയാണ് ഇസ്ലാമാബാദിൽ ഒരുക്കുന്നത്. ചർച്ചയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് പാകിസ്താൻ അതീവ ജാഗ്രത പാലിക്കുന്നത്. 10,000ത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരടങ്ങിയ വിപുലമായ സേനയെയാണ് ഇസ്ലാമാബാദിൽ വിന്യസിപ്പിച്ചിരിക്കുന്നത്.
ലോക്ഡൗണിൻ്റെ ഭാഗമായി തലസ്ഥാനത്തെ സ്കൂളുകൾക്കും മറ്റെല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന റോഡുകളിലും സര്ക്കാര് സ്ഥാപനങ്ങളുടെ പരിസരങ്ങളിലും സുരക്ഷാ സേന പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ റെഡ് സോണ് കനത്ത സുരക്ഷയിലാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇസ്ലാമാബാദില് നിന്നും പുറത്തുവരുന്നത്.
അതേസമയം, ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് പാകിസ്താനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നിർണായകമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ചർച്ചകൾ ഫലംകാണുമെന്നാണ് പ്രതീക്ഷയെന്നുമാണ് വാഷിങ്ടണിൽ നിന്ന് പുറപ്പെടുമ്പോൾ വാൻസ് പറഞ്ഞത്.
'ഇറാൻ നല്ല വിശ്വാസത്തിൽ ചർച്ചകളിൽ പങ്കെടുത്താൽ ഞങ്ങളും തുറന്ന മനസ്സോടെ കൈകൊടുക്കും. എന്നാൽ, അവർ ചർച്ചകളിൽ അടവുകളെടുത്താൽ ഞങ്ങളുടെ സംഘം കേട്ടിരിക്കില്ല' എന്നാണ് വാൻസ് പറഞ്ഞത്.
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അമേരിക്കയും ഇറാനും തമ്മിലെ നിർണായക ചർച്ച നടക്കാൻ പോകുന്നത്. ഇന്ന് പാക് തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ചർച്ചകൾക്ക് തുടക്കമാകുന്നത്. വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് നയിക്കുന്ന യുഎസ് സംഘവും പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് നയിക്കുന്ന ഇറാൻ സംഘവുമാണ് ചർച്ചകളിൽ പങ്കെടുക്കുക. പ്രാഥമിക ചർച്ചകൾ ഇന്നും നാളെയുമായി നടക്കും. ചർച്ച ദിവസങ്ങൾ നീണ്ടേക്കുമെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ ധാരണയുടെ ഭാഗമായി ഇറാൻ മുന്നോട്ടുവെച്ച 10 ഇന ആവശ്യങ്ങളും ചർച്ച ചെയ്യും.
Content Highlights: US-Iran talks: Islamabad under lockdown; Pakistan under heavy security